നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ: നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മന്ത്രവാദത്തെ കുറിച്ച് അറിയില്ലെന്നും പ്രതികള്‍ മൊഴി നല്‍കി.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മന്ത്രവാദത്തെ കുറിച്ച് അറിയില്ലെന്നും പ്രതികള്‍ മൊഴി നല്‍കി. ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃ മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, സഹോദരി ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങള്‍ എന്നിവ നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്നതാണ് വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ്. മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ വിശദമാക്കുന്നുണ്ട്. ജപ്തി നടപടികളായിട്ടും ഭർത്താവ് ഒന്നും ചെയ്തില്ല. സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു.
വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത മുറിയുടെ ചുമരിൽ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊലപ്പെടുത്താന്‍ നോക്കിയെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ് ആല്‍ത്തറയില്‍ കൊണ്ടു പോയി പൂജിക്കുന്നതല്ലാതെ മറ്റൊന്നും ഭര്‍ത്താവ് ചെയ്തില്ല. നാട്ടുകാരോട് തന്നെയും മകളെയും കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നും ആത്മഹത്യാ കുറിപ്പ് വിശദമാക്കുന്നു. ഭാര്യ എന്ന സ്ഥാനം ഒരിക്ക്ല പോലും നല്‍കിയില്ലെന്ന് ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ശരീരത്തിൽ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശം ലേഖ (40)യും മകള്‍ വൈഷ്ണവി (19)യും. ഇരുവരും ഒരുമിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മെയ് 14ന് ആയിരുന്നു ആത്മഹത്യ. മകള്‍ വൈഷ്ണവി സംഭവ സ്ഥലത്തുനിന്ന് തന്നെ മരിച്ചിരുന്നു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ലേഖ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.
നെയ്യാറ്റിൻകര കാനറാ ബാങ്ക് ശാഖയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വര്‍ഷം മുൻപ് ഇവര്‍ വായ്പ എടുത്തിരുന്നത്. പലിശ സഹിതം ഇതിപ്പോൾ ആറ് ലക്ഷത്തി എൺപതിനായിരം രൂപയായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതൽ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറഞ്ഞത്. എന്നാല്‍ ഇതിനിടെയാണ് ഇരുവരുടെയും ആത്മഹത്യാ കുറിപ്പ് പുറത്തുവന്നത്. ഇതോടെ ലേഖയുടെ ഭര്‍ത്താവിനെയും ഭര്‍തൃ വീട്ടുകാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.