പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കൾ പുറത്തിറങ്ങി,സ്വീകരണം നൽകി സി പി ഐ എം
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എം കെ ഭാസ്‌കരന്‍ എന്നിവരാണ് പുറത്തിറങ്ങിയത്.
കാസർകോട്| പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കൾ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതി ഇവരുടെ ശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇവർ പുറത്തിറങ്ങിയത്.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എം കെ ഭാസ്‌കരന്‍ എന്നിവരാണ് പുറത്തിറങ്ങിയത്.
കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അടക്കമുള്ള നിരവധി പ്രവർത്തകർ ഇവരെ ജയിലിന് പുറത്ത് രക്തഹാരം അണിയിച്ച് സ്വീകരിച്ചു. പി ജയരാജനും എം വി ജയരാജനും ഒപ്പമുണ്ടായിരുന്നു. എന്നാൽ കാഞ്ഞങ്ങാട് ടൗണിൽ ഇവർക്ക് നല്‍കാനിരുന്ന പൊതു സ്വീകരണം സിപിഐഎം ഒഴിവാക്കിയിട്ടുണ്ട്.ഇന്നലെയാണ് പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമം 225-ാം വകുപ്പ് അനുസരിച്ച് ശിക്ഷ അഞ്ച് വർഷമായിരുന്നു പ്രതികൾക്ക് നേരത്തെ നൽകിയിരുന്നത്. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതിനുള്ള അഞ്ചുവര്‍ഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് എടുത്തത്. പ്രതികൾക്ക് ജാമ്യം ലഭിക്കും. ഇന്ത്യൻ ശിക്ഷാ നിയമം 225-ാം വകുപ്പ് മാത്രമല്ലേയുളളൂവെന്ന് കോടതി ചോദിച്ചു. തുടർന്നാണ് ശിക്ഷാ വിധി മരവിപ്പിക്കുന്ന വിധിയിലേക്ക് ഹൈക്കോടതി എത്തിയത്. ചെറിയ കാലയളവിലെ ശിക്ഷ മരവിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ട്.