തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായിബന്ധമുണ്ട് മുൻ ഡിഐജി എസ് സുരേന്ദ്രൻ

തൃശ്ശൂരിലെ ഡിഐജിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് പണം കൈമാറ്റം നടന്നിട്ടുണ്ട് എന്ന ആരോപണത്തെയും എസ് സുരേന്ദ്രൻ നിഷേധിച്ചു.

0

തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി വ്യക്തിപരമായിട്ട് ബന്ധമുണ്ടെന്ന് മുൻ ഡിഐജി എസ് സുരേന്ദ്രൻ. എന്നാൽ ജോൻസൺന്റെ ഒരു സാമ്പത്തിക ഇടപാടുകൾക്കും താൻ കൂട്ട് നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ ഡിഐജിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് പണം കൈമാറ്റം നടന്നിട്ടുണ്ട് എന്ന ആരോപണത്തെയും എസ് സുരേന്ദ്രൻ നിഷേധിച്ചു. തന്റെ സാന്നിധ്യത്തിൽ യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടും നടന്നിട്ടില്ല, പരാതിക്കാരുമായോ മോൻസൺ മാവുങ്കലുമായോ യാതൊരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല. തന്റെ വീട്ടിൽ വെച്ച് പണം കൈമാറ്റം നടത്തി എന്നായിരുന്നു ആദ്യം പരാതിക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പരാതിക്കാർ പറയുന്നത് കാറിൽ വെച്ച് പണം കൈമാറ്റം നടത്തി എന്നാണ്. എന്നാൽ ഇതുമായി തനിക്ക് യാതൊരു ബന്ധവുമില്ല.മോൻസൻ മാവുങ്കലിനെ വ്യക്തിപരമായിട്ട് അറിയാം. എന്നാൽ ഇയാളുടെ നിയമവിരുദ്ധമായ ഇടപാടുകളെക്കുറിച്ച് അറിയില്ല. അയാളുടെ സാമ്പത്തിക ഇടപാടുകൾക്ക് താൻ കൂട്ട് നിന്നിട്ടില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു .

“2019ൽ കൊച്ചി പോലീസ് കമ്മീഷണറായിരിക്കുമ്പോൾ മയക്കു മരുന്നിനെതിരെയുള്ള പ്രചാരണ പരിപാടിയിൽ വെച്ചാണ് മോൻസണുമായി പരിചയപ്പെടുന്നത്. വേദിയിൽ വെച്ച് പുരാവസ്തു ശേഖരത്തിന്റെ കാര്യം മോൻസൺ പറയുകയും പിന്നീട് അത് കാണാൻ പോകുകയുമായിരുന്നു. അങ്ങനെയുള്ള ബന്ധമാണ്. അല്ലാതെ ഒരു തരത്തിലുള്ള പണമിടപാടിലും ഇടപെട്ടിട്ടില്ല. തന്റെ സാന്നിധ്യത്തിലോ നിർദ്ദേശത്തിലോ ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും” അദ്ദേഹം പറഞ്ഞു. കുടുംബങ്ങള്‍ തമ്മില്‍ നല്ല രീതിയിലുള്ള ബന്ധമുണ്ട്. പല ആഘോഷങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ അത്തരത്തിലുള്ള ഏതെങ്കിലും ദൃശ്യങ്ങളിൽ ഒന്നായിരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

-