റേഷൻ വിതരണം താറുമാറാക്കി  എഫ്‌സിഐ ഗോഡൗണുകളില്‍ ടണ്‍കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ കെട്ടികിടക്കുന്നു

ജൂലൈ മാസത്തിലെ കണക്കുകള്‍ പ്രകാരം 742 ടണ്‍ലക്ഷം ഭക്ഷ്യധാന്യങ്ങളാണ് കെട്ടിക്കിടക്കുന്നതെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ പ്രതിമാസ വാര്‍ത്താപത്രികയില്‍ വ്യക്തമാക്കുന്നു.

0

ഡല്‍ഹി: ഭക്ഷ്യ ധന്യ  വിതരണത്തിൽ മോദിസർക്കാർ  ഗുരുതര വീഴ്ച വരുത്തിയതായി  കണക്കുകൾ   രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ കൊടും പട്ടിണിയില്‍ തുടരുമ്പോള്‍ എഫ്‌സിഐ ഗോഡൗണുകളില്‍ ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടികിടക്കുന്നതായി റിപ്പോര്‍ട്ട്.

ജൂലൈ മാസത്തിലെ കണക്കുകള്‍ പ്രകാരം 742 ടണ്‍ലക്ഷം ഭക്ഷ്യധാന്യങ്ങളാണ് കെട്ടിക്കിടക്കുന്നതെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ പ്രതിമാസ വാര്‍ത്താപത്രികയില്‍ വ്യക്തമാക്കുന്നു. 2015നെ അപേക്ഷിച്ച് 36 ശതമാനം ഭക്ഷ്യധാന്യങ്ങളാണ് ഇക്കുറിയുള്ളത്. എന്നാല്‍ ഇതൊക്കെ പൊതുവിതരണ സമ്പ്രദായത്തിലൂടെ പാവപ്പെട്ട ജനങ്ങള്‍ക്ക് എത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വിവിധ സാങ്കേതികത്വങ്ങള്‍ ഉന്നയിച്ചാണ് രാജ്യത്തെ ലക്ഷക്കണക്കിന് പാവപ്പെട്ട ജനങ്ങളെ പൊതുവിതരണ സംവിധാനത്തില്‍ നിന്നും സര്‍ക്കാര്‍ ബോധപൂര്‍വം ഒഴിവാക്കുന്നത്.

കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം പൊതുവിതരണ സംവിധാനത്തിലൂടെ നല്‍കിയ ധാന്യങ്ങളുടെ അളവില്‍ കേവലം നാല് ശതമാനം വര്‍ധന മാത്രമാണുള്ളത്. എന്നാല്‍ ഭക്ഷ്യധാന്യങ്ങളുടെ ശേഖരത്തില്‍ 14 ശതമാനം വര്‍ധനയാണുള്ളത്. ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ മോഡി സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച്ചയാണ് വരുത്തുന്നത്. 15 ശതമാനം ഭക്ഷ്യധാന്യങ്ങളും സുരക്ഷിതമായ അവസ്ഥയിലല്ല സൂക്ഷിച്ചിരുന്നത്. അതിനിടെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ കമ്പോളത്തില്‍ നില്‍ക്കാനും മറ്റ് ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുമുള്ള നടപടികളാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ന്യായവിലയില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക പരാധീനതയാണ് ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ കുമിഞ്ഞ് കൂടാനുള്ള കാരണമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

 

രൂക്ഷമായ തൊഴിലില്ലായ്മ രാജ്യത്തെ ഗ്രാമീണ മേഖലയിലെ സമ്പദ് വ്യവസ്ഥയെ തളര്‍ത്തി. ഇതിനുള്ള ഏറ്റവും പ്രകടമായ ഉദാഹരണമാണ് പാവപ്പെട്ട ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥ. ട്രാക്ടര്‍, കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, ബിസ്‌ക്കറ്റുകള്‍ തുടങ്ങിയ കാര്യങ്ങളുടെ വില്‍പ്പന കുറഞ്ഞെന്ന് ഏവരും ആശങ്കപ്പെടുന്നു. എന്നാല്‍ പാവപ്പെട്ടവന്റെ പട്ടിണിയുടെ കഥകള്‍ ഇപ്പോഴാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (ഫാവോ) കണക്കുകള്‍ പ്രകാരം പട്ടിണി സൂചികയില്‍ ഇന്ത്യ 103-ാം സ്ഥാനത്താണ്. 119 രാജ്യങ്ങളുടെ പട്ടികയാണ് ഫാവോ തയ്യാറാക്കിയത്. ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 194.4 ദശലക്ഷം ജനങ്ങള്‍ പോഷകാഹാര കുറവിന്റെ ഭാഗമായുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നു. അഞ്ച് വയസിന് താഴെയുള്ള 20.8 ശതമാനം കുട്ടികള്‍ക്ക് ഭാരക്കുറവ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും 37.9 ശതമാനം കുട്ടികള്‍ക്ക് വളര്‍ച്ചാ മുരടിപ്പും 51.41 ശതമാനം വനിതകള്‍ക്ക് വിളര്‍ച്ചയും ബാധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

 

You might also like

-