ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ക്രൊയേഷ്യ ഫൈനലില്‍…..മാന്‍സുകിച്ച് വീരനായകന്‍

മാന്‍സുകിച്ചിന്‍റെ തകര്‍പ്പന്‍ ഷോട്ടിന് മുന്നില്‍ ഇംഗ്ലിഷ് വീര്യം കെട്ടടങ്ങുകയായിരുന്നു.

0

മോസ്കോ: റഷ്യന്‍ ലോകകപ്പിലെ കലാശക്കളിയില്‍ ക്രൊയേഷ്യ ഫ്രാന്‍സിന്‍റെ എതിരാളികള്‍. രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ ചരിത്രം കുറിച്ചാണ് ക്രൊയേഷ്യ ഫൈനലില്‍ കടന്നത് 

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ക്രൊയേഷ്യയുടെ ഫൈനല്‍ പ്രവേശം. ആദ്യപകുതിയിൽ കീറൻ ട്രിപ്പിയർ (5–ാം മിനിറ്റ്) നേടിയ ഗോളിൽ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (68), എക്സ്ട്രാ ടൈമിൽ മരിയോ മാൻസൂക്കിച്ചും (109) നേടിയ ഗോളുകളിലാണ് ക്രൊയേഷ്യ മറികടന്നത്. 

മാന്‍സുകിച്ചിന്‍റെ തകര്‍പ്പന്‍ ഷോട്ടിന് മുന്നില്‍ ഇംഗ്ലിഷ് വീര്യം കെട്ടടങ്ങുകയായിരുന്നു. ഇംഗ്ലിഷ് ബോക്സിലേക്ക് വന്ന പന്ത് പെരിസിച്ച് ഹെഡ് ചെയ്ത് മാന്‍സുകിച്ചിന് നല്‍കുകയായിരുന്നു. ഇംഗ്ലണ്ട് ഗോളിയെയും പ്രതിരോധക്കാരെയും നിശബ്ദനാക്കി മാന്‍സുക്കിച്ച് ലക്ഷ്യം കണ്ടു

ഇംഗ്ലണ്ടാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്.‍ കീര്യന്‍ ട്രിപ്പിയറാണ് ഫ്രീകക്കിലൂടെ ഗോള്‍ നേടിയത്. അഞ്ചാമത്തെ മിനിറ്റില്‍ ക്രൊയേഷ്യയുടെ ഗോള്‍ പോസ്റ്റില്‍ നിന്ന് 20 വാര അകലെ നിന്നെടുത്ത ഫ്രീകിക്കലാണ് ട്രിപ്പിയര്‍ സ്കോര്‍ ചെയ്തത്. ജെസ്സെ ലിംഗാര്‍ഡിനെ ഫൗള്‍ ചെയ്തതിനുള്ള ഫ്രീ കിക്കാണ് ട്രിപ്പിയര്‍ ഗോളാക്കിയത്. 2006 ല്‍ ബെക്കാം ഇക്വഡോറിനെതിരെ നേടിയ ഗോളിന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം ലോകകപ്പില്‍ ഫ്രീകിക്ക് നേരിട്ട് ഗോളാക്കുന്നത്. ഇംഗ്ലണ്ടിന് വേണ്ടി ട്രിപ്പിയറിന്റെ ആദ്യ ഗോളാണിത്.

ചരിത്രത്തിലാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പിന്‍റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്. 1998 ല്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് ക്രൊയേഷ്യയുടെ ഇതിനു മുമ്പത്തെ മികച്ച പ്രകടനം. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ ഫ്രാന്‍സാണ് എതിരാളികള്‍. ബെല്‍ജിയത്തെ തകര്‍ത്താണ് ഫ്രാന്‍സ് ഫൈനലില്‍ കടന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്‍റീനയെ അടക്കം വീഴ്ത്തിയാണ് ക്രൊയേഷ്യ വരവറിയിച്ചത്. ലോകകപ്പില്‍ എല്ലാ മത്സരങ്ങളിലും ജയിച്ചാണ് മോഡ്രിച്ചും സംഘവും ഫൈനലിലെത്തിയത്.

നേരത്തെ ആദ്യ പകുതിയില്‍ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ അറുപത്തി എട്ടാം മിനിട്ടിലാണ് ക്രൊയേഷ്യ സമനിലയില്‍ പിടിച്ചുകെട്ടിയത്. ഇവാന്‍ പെരിസിച്ചാണ് ക്രൊയേഷ്യന്‍ ആരാധകര്‍ കാത്തിരുന്ന ഗോള്‍ സ്വന്തമാക്കിയത്. ഇടതു വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് വ്രസാല്‍ക്കോ ഉയര്‍ത്തി നല്‍കിയ പന്ത് അതിമനോഹരമായി പെരിസിച്ച് വലയിലാക്കുകയായിരുന്നു.


ക്രൊയേഷ്യക്കെതിരെ കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ വല കുലുക്കിയ ഇംഗ്ലിഷ് പോരാളികള്‍ ആദ്യ പകുതിയില്‍ മേല്‍ക്കോയ്മ നിലനിര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ ക്രൊയേഷ്യ കളി പിടിച്ചെടുക്കുകയായിരുന്നു.

ജൂലൈ 15ന് നടക്കുന്ന ഫൈനലിൽ ഫ്രാൻസാണ് ക്രൊയേഷ്യയുടെ എതിരാളികൾ. ആദ്യമായാണ് ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.

You might also like

-