പെനാല്‍റ്റിയില്‍ ഇംഗ്ലണ്ട് കൊളംബിയയെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്‍റെ എതിരാളി സ്വീഡന്‍
മോസ്കോ: കാല്‍പ്പന്ത് കളിയുടെ എല്ലാ സൗന്ദര്യവും നിറഞ്ഞ അവസാന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊളംബിയക്ക് മേല്‍ ഇംഗ്ലീഷ് വിജയം. ജേതാവിനെ നിര്‍ണയിക്കാന്‍ പെനാല്‍റ്റി വരെ മത്സരം നീണ്ടപ്പോള്‍ 4-3 എന്ന സ്കോറിനാണ് ഹാരി കെയ്നും കൂട്ടരും ജയിച്ചു കയറിയത്. കളിയുടെ യഥാര്‍ഥ സമയത്തും എക്സ്ട്രാ ടെെമിലും ഒരു ഗോള്‍ വീതം അടിച്ച് ഇരുടീമും സമനില പാലിച്ചതോടെയാണ് കളി പെനാല്‍റ്റിയിലേക്ക് നീണ്ടത്. കാല്‍പ്പന്ത് കളിയുടെ മാന്യതകള്‍ക്ക് കളങ്കമേറ്റ കളിയില്‍ കൊളംബിയ ആറു മഞ്ഞക്കാര്‍ഡും ഇംഗ്ലണ്ട് രണ്ടു മഞ്ഞക്കാര്‍ഡും വാങ്ങിക്കൂട്ടി. ആവേശം അതിരു കടന്ന മത്സരം കയ്യാങ്കളിയിലേക്കും നീണ്ടതോടെ മോസ്കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയം ഫൗളുകള്‍ നിറഞ്ഞ പോരിനാണ് വേദിയായത്.റോഡ്രിഗസില്ലാത്ത കൊളംബിയന്‍ നിരയിലെ ആശങ്കകള്‍ മനസിലാക്കി തുടക്കത്തിലെ ആക്രമണങ്ങള്‍ മെനഞ്ഞാണ് ഇംഗ്ലണ്ട് കളി തുടങ്ങിയത്. ആറാം മിനിറ്റില്‍ ഇടതു വിംഗില്‍ ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് യംഗ് തൊടുത്തത് പോസ്റ്റിലേക്ക്. മത്സരത്തിലെ ആദ്യ പരീക്ഷണത്തെ ഓസ്പിന തട്ടിയകറ്റി. കൃത്യമായ പദ്ധതിയോടെ കളി നിയന്ത്രിക്കാന്‍ ഇംഗ്ലീഷ് നിരയ്ക്കു കഴിഞ്ഞതോടെ കൗണ്ടര്‍ അറ്റാക്കുകള്‍ മാത്രമായി കൊളംബിയന്‍ മുന്നേറ്റം മാറി.
12-ാം മിനിറ്റില്‍ കൊളംബിയന്‍ പ്രതിരോധത്തിന് സംഭവിച്ച അമളിയില്‍ പന്ത് കിട്ടിയ റഹീം സ്റ്റെര്‍ലിംഗ് ഷോട്ട് ഉതിര്‍ത്തെങ്കിലും മിനാ രക്ഷയ്ക്കെത്തി. 15-ാം മിനറ്റില്‍ ഹാരി കെയ്ന് മത്സരത്തിലെ ആദ്യ സുവര്‍ണാവസരം വന്നു. ട്രിപ്പിയര്‍ വലതു പാര്‍ശ്വത്തില്‍നിന്ന് ഉയര്‍ത്തി വിട്ട ക്രോസില്‍ ഇംഗ്ലീഷ് നായകന്‍ ചാടി ഉയര്‍ന്ന് ഹെഡ് ചെയ്തെങ്കിലും അല്‍പം ലക്ഷ്യത്തില്‍ നിന്ന് അകന്നു പോയി. ആദ്യ 15 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്ക് അപകടം മനസിലായി.
ഇതോടെ അല്‍പം ബോള്‍ പൊസിഷന്‍ സ്വന്തമാക്കി കളിക്കാന്‍ കൊളംബിയ ആരംഭിച്ചു. ഇതോടെ കളിയില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന ഇംഗ്ലീഷ് നിരയില്‍ നിന്ന് കളി അല്‍പം പിന്നോട്ട് പോയി. കോണ്‍ട്രാവോയുടെ ശ്രമങ്ങളാണ് കൂടുതലും ഇംഗ്ലീഷ് പ്രതിരോധത്തിന് ഭീഷണിയായത്. പിന്നീട് കളിക്ക് വേഗമുണ്ടെങ്കിലും ഗോള്‍ പിറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെടുക്കാന്‍ ഇരു ടീമിനും സാധിച്ചില്ല. 32-ാം മിനിറ്റില്‍ കണ്‍ട്രോവോയുടെ ഷോട്ടും മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കാന്‍ ഉതകുന്നതായിരുന്നില്ല.
പക്ഷേ, കളിയില്‍ ആവേശം നിറഞ്ഞതോടെ അത് ഇരു ടീമും തമ്മിലുള്ള കയ്യാങ്കളിയിലേക്കും വഴിതെളിച്ചു. ഹെന്‍ഡേഴ്സണെ ഇടിച്ച് വീഴ്ത്തിയതിന് കൊളംബിയന്‍ താരം ബാരിയോസിന് റഫറി മഞ്ഞകാര്‍ഡ് നല്‍കി. ആക്രമണവും പ്രത്യാക്രമണവുമായി കളി വീണ്ടും പോര് മുറുകിയെങ്കിലും ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല.
രണ്ടാം പകുതിയിലും കാര്യങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടായില്ല. ആവേശം അതിരുവിട്ടതോടെ റഫറിക്ക് പണിയും കൂടി. കയ്യാങ്കളി 54-ാം മിനിറ്റില്‍ കൊളംബിയക്ക് ആദ്യ പ്രഹരം നല്‍കി. കോര്‍ണറിനിടയില്‍ ഹാരി കെയ്നെ സാഞ്ചസ് വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത ഇംഗ്ലീഷ് നായകന്‍ പന്ത് വലയിലാക്കി. ഇതിന് ശേഷവും കളിക്കളത്തില്‍ താരങ്ങളേക്കാള്‍ കൂടുതല്‍ പണി റഫറിക്കായിരുന്നു.
70 മിനിറ്റിയപ്പോഴേക്കും അഞ്ചു മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ കൊളംബിയ പതിയെ കളത്തില്‍ തളര്‍ന്നു. ഇതു മുതലാക്കി ഇംഗ്ലീഷ് നിര ചില മുന്നേറ്റങ്ങള്‍ മെനഞ്ഞെടുത്തു. എന്നാല്‍, അത് വരെയുണ്ടായിരുന്ന രീതിയിലല്ല പിന്നീട് കൊളംബിയ കളിച്ചത്. മികച്ച പാസിംഗ് ഗെയിമുമായി നിരന്തരം അവര്‍ ഇംഗ്ലീഷ് ബോക്സിലേക്ക് പന്ത് എത്തിച്ചു. ഇതോടെ ഇംഗ്ലീഷ് പട ഒന്ന് പകച്ചു.
81-ാം മിനിറ്റില്‍ കൊളംബിയക്ക് മത്സരത്തിലെ സുവര്‍ണാവസരം ലഭിച്ചു. ഇംഗ്ലീഷ് പ്രതിരോധത്തിന് കണക്ക് പിഴച്ചപ്പോള്‍ പന്തുമായി ബക്കാ കുതിച്ചു. ബോക്സിന് തൊട്ട് പുറത്ത് വച്ച ക്വാഡ്രാഡോയ്ക്ക് ബക്ക പന്ത് മറിച്ചു. പക്ഷേ, ഗോള്‍ പോസ്റ്റിന് മുകളിലൂടെ കൊളംബിയന്‍ താരത്തിന്‍റെ ഷോട്ട് പറന്നു. വീണ്ടും തുടര്‍ച്ചയായ ഗോള്‍ ശ്രമങ്ങളുമായി ലാറ്റിനമേരിക്കന്‍ ടീം കുതിച്ചു. പക്ഷേ, വെെകി വന്ന വിവേകം കൊണ്ട് ഫല്‍ക്കാവോയ്ക്കും സംഘത്തിനും ഗുണമായി. ഇഞ്ചുറി ടെെമില്‍ കൊളംബിയ ലക്ഷ്യം കണ്ടു. ക്വാഡ്രാഡോ തൊടുത്ത കോര്‍ണറില്‍ യെറി മിന ഉയര്‍ന്നു ചാടി തലവെച്ചു. പിക്ഫോര്‍ഡിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല, പന്ത് വലകുലുക്കി.
അവസാന നിമിഷം പിറന്ന ഗോളിന്‍റെ ആത്മവിശ്വാസത്തില്‍ കൊളംബിയയാണ് വീണ്ടും കളി നിയന്ത്രിച്ചത്. പതറിയ ഇംഗ്ലീഷ് പടയ്ക്ക് പാസിംഗില്‍ പോലും കൃത്യത പാലിക്കാനായില്ല. ഫാല്‍ക്കാവോയുടെ ഹെഡര്‍ ശ്രമമെല്ലാം ഗോള്‍ ആകാതെ പോയത് ഹാരി കെയ്ന്‍റെയും സംഘത്തിന്‍റെയും ഭാഗ്യം കൊണ്ട് മാത്രമാണ്. എക്സ്ട്രാ ടെെമിന്‍റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇംഗ്ലണ്ടിന് അവസരം ലഭിച്ചെങ്കിലും ഹെന്‍ഡേഴ്സന്‍റെ ഷോട്ട് ഓസ്പിനയുടെ കെെകളില്‍ ഒതുങ്ങി.
രണ്ടു ടീമും വിജയ ഗോള്‍ നേടാനുള്ള ദാഹത്തോടെ വീണ്ടും പൊരുതി. കയ്യാങ്കളിയായ കളി യഥാര്‍ഥ ഫുട്ബോളിന്‍റെ ആവേശത്തിലേക്ക് വീണ്ടുമെത്തി. 111-ാം മിനിറ്റില്‍ ഡാനി റോസിന്‍റെ നിലംപറ്റെയുള്ള ഷോട്ട് ഓസ്പിനയെ മറികടന്നെങ്കിലും വലയിലേക്ക് കയറാതെ പുറത്തേക്ക് പോയി. ചില സുന്ദരന്‍ ആക്രമണങ്ങളോടെ എക്സ്ട്രാ ടെെമിന്‍റെ വിസിലും മുഴങ്ങി.
കളിയുടെ വിധി നിര്‍ണയിക്കുന്ന പെനാല്‍റ്റി. കൊളംബിയയുടെ ആദ്യ കിക്കെടുത്ത പെനാല്‍റ്റി നായകന്‍ ഫല്‍ക്കാവോ അനായാസം വലയിലാക്കി. ഇംഗ്ലണ്ടിനായി എത്തിയ നായകന്‍ ഹാരി കെയ്നും പിഴച്ചില്ല. അടുത്തതായി കൊളംബിയയുടെ ക്വഡ്രാഡോ. ഒന്നും സംഭവിച്ചില്ല, കിക്ക് വലയില്‍. ഇംഗ്ലണ്ടിനായി റാഷ്ഫോര്‍ഡ് എത്തി. ഓസ്പിനയ്ക്ക് അതും തടുക്കാനായില്ല. ലാറ്റിനമേരിക്കന്‍ ടീമിനായി ലൂയിസ് മ്യൂരിയലും ലക്ഷ്യം കണ്ടു.
ഇംഗ്ലണ്ടിനായി ഹെന്‍ഡേഴ്സണ്‍ എത്തി… അതാ നിര്‍ഭാഗ്യം തുടങ്ങിയിരിക്കുന്നു. ഓസ്പിന ഡെെവിലൂടെ പന്ത് തടുത്തു. ത്രില്ലറിന് അവസാനമില്ല. കൊളംബിയയുടെ മാത്യൂസ് ഉറിബിന്‍റെ ഷോട്ട് പോസ്റ്റില്‍ തട്ടി. ഇംഗ്ലണ്ടിനായി ട്രിപ്പിയര്‍ പിഴവ് തെറ്റാതെ പന്ത് വലയിലാക്കി. അടുത്തതായി വന്നത് ബക്കാപിക്ഫോര്‍ഡ് ഇതാ ഹീറോ ആയിരിക്കുന്നു. നിര്‍ണായകമായ അവസാന കിക്കെടുക്കാന്‍ വന്നത് എറിക് ഡയര്‍ വലകുലുക്കി. ലോകകപ്പില്‍ എന്നും പിന്തുടരുന്ന നിര്‍ഭാഗ്യത്തെ പിന്നിലാക്കി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. അവസാനം വരെ പുലര്‍ത്തിയ പോരാട്ട വീര്യവുമായി കൊളംബിയ നാട്ടിലേക്ക്