ആറാംവട്ട ചർച്ചയും പരാജയം നിയമ പിൻവലിക്കില്ലെന്ന് സർക്കാർ സമര വീണ്ടും കടുപ്പിച്ച് കർഷക സംഘടനകൾ
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നു. നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കർഷകരും അറിയിച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്
ഡൽഹി :കർഷകസംഘടന നേതാക്കളുമായി കേന്ദ്രസർക്കാർ നടത്തിയ ആറാംവട്ട ചർച്ചയും പരാജയം.കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പിയൂഷ് ഗോയൽ എന്നിവരുമായാണ് കർഷകർ ചർച്ച നടത്തിയത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നു. നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കർഷകരും അറിയിച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്. തിങ്കളാഴ്ച കർഷകരുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ചും താങ്ങുവിലയുമായി ബന്ധപ്പെട്ടുമാവും തിങ്കളാഴ്ച ചർച്ച നടക്കുക.വൈദ്യുതി നിയന്ത്രണ ബിൽ പിൻവലിക്കും, വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ഇളവ് നൽകാമെന്നനടക്കമുള്ള നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ട് വെച്ചു. എന്നാൽ നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവിലക്ക് നിയമരൂപീകരണ ആവശ്യത്തിലും തീരുമാനം ആയില്ല. സർക്കാർ മുന്നോട്ട് വെച്ച വാഗ്ദാനങ്ങൾ പഠിച്ച ശേഷം ജനുവരി 4 ന് വീണ്ടും ചർച്ചക്കെത്താം എന്നാണ് കർഷക സംഘടനകളുടെ നിലപാട്.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ല, പകരം നിയമം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്രം ആവര്‍ത്തിച്ചത്. നേരത്തേയും ഇതേ നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവെച്ചിരുന്നത്.സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാൽ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകൾ നൽകുന്നത്. 41 കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഡിസംബര്‍ 8 ന് ശേഷം മുടങ്ങിയ ചര്‍ച്ച 22 ദിവസത്തിന് ശേഷമാണ് ഇന്ന് വീണ്ടും നടന്നത്. ചർച്ചയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും കൂടിക്കാഴ്ച നടത്തിയിരുന്നു.