വ്യാജതൊഴിൽ പരിചയ സർട്ടിഫിക്കറ്റ് മുഖ്യപ്രതി കെ വിദ്യ പിടിയിൽ
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യ15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് നിന്ന് വിദ്യയെ പാലക്കാടേക്ക് കൊണ്ടുവരും. കോഴിക്കോട് മേപ്പയൂർ, വടകര മേഖലകളിൽ വിദ്യക്കായി തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു
കോഴിക്കോട് | മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജതൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ വിദ്യ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര ആവളയ്ക്കടുത്ത് കുട്ടോത്തു നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യ15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് നിന്ന് വിദ്യയെ പാലക്കാടേക്ക് കൊണ്ടുവരും. കോഴിക്കോട് മേപ്പയൂർ, വടകര മേഖലകളിൽ വിദ്യക്കായി തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു.നാളെ രാവിലെ 11 മണിക്ക് വിദ്യയെ പാലക്കാട് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും എന്നാണ് വിവരം.
അഗളി പൊലീസും നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ പിന്നീട് പരിഗണിക്കാനായി കോടതി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പിടികൂടിയത്. നാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. മേപ്പയൂരിൽ സുഹൃത്തിന്റെ വീട്ടിലായിരുന്നു വിദ്യ. ഇവിടെ നിന്ന് ഇറങ്ങി പോകുന്ന സമയത്ത് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം.
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവണ്‍മെന്റ് കോളേജിൽ ഗസ്റ്റ് അധ്യാപികയായി ജോലി നേടുന്നതിന് എറണാകുളം മഹാരാജാസ് കോളേജിന്‍റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാണ് അഗളി പോലീസ് വിദ്യയ്ക്കെതിരേ കേസെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിന് ഐ.പി.സി. 471, 465 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യക്കെതിരേ കേസെടുത്തത്. വ്യാജരേഖ കേസിൽ കാസര്‍കോട് ജില്ലയിലും വിദ്യയ്ക്കെതിരേ കേസുണ്ട്. കരിന്തളം ഗവ. ആർട്സ് ആന്‍ഡ് സയൻസ് കോളേജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് നീലേശ്വരം പോലീസ് വിദ്യയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബഞ്ചിലാണ് ഹർജി ഇന്നലെ പരിഗണനക്ക് എത്തിയത്. പിന്നാലെ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജരേഖ കേസിലും മുന്‍കൂര്‍ ജാമ്യം തേടി. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ചയാണ് വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ആരേയും കബളിപ്പിച്ചിട്ടില്ലെന്നും വിദ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കരിന്തളം ഗവ. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ കരിന്തളം കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്‍റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്. ഈ മാസം 24 ന് ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും.