തൊടുപുഴ ബി.എം.എച്ചിൽ അതിനൂതന സ്കുൾ ബേസ് ശസ്ത്രക്രിയ വിജയകരം
മൂക്കടപ്പും മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ടതിനെയും തുടർന്നാണ് രോഗി ചികിത്സ തേടിയത്. വിശദമായ പരിശോധനയിൽ മൂക്ക്, സൈനസുകൾ, തലച്ചോറ്, കണ്ണ് എന്നീ ഭാഗങ്ങളെ ബാധിക്കുന്ന ട്യൂമർ കണ്ടെത്തുകയായിരുന്നു
തൊടുപുഴ | ഇടുക്കി ജില്ലയുടെ ആരോഗ്യരംഗത്ത് പുതിയ ചരിത്രം കുറിച്ച് തൊടുപുഴ ബി.എം.എച്ചിലെ സ്കുൾ ബേസ് സർജറി യൂണിറ്റ്. തലച്ചോറിലേക്കും കണ്ണിലേക്കും വ്യാപിച്ച അപൂർവയിനം സൈനോ-നേസൽ ട്യൂമർ ബാധിച്ച 46 വയസ്സുകാരിക്ക്, ജില്ലയിൽ ആദ്യമായി മൂക്കിലൂടെ താക്കോൽദ്വാര ശസ്ത്രക്രിയ (ട്രാൻസ്‌നേസൽ എൻഡോസ്കോപ്പിക് സ്കൾ ബേസ് സർജറി വിത്ത് ഓർബിറ്റൽ ട്രാൻസ്പൊസിഷൻ) വിജയകരമായി നടത്തി.
മൂക്കടപ്പും മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ടതിനെയും തുടർന്നാണ് രോഗി ചികിത്സ തേടിയത്. വിശദമായ പരിശോധനയിൽ മൂക്ക്, സൈനസുകൾ, തലച്ചോറ്, കണ്ണ് എന്നീ ഭാഗങ്ങളെ ബാധിക്കുന്ന ട്യൂമർ കണ്ടെത്തുകയായിരുന്നു. സാധാരണയായി ഇത്തരം ട്യൂമറുകൾ മുഖമോ തലയോട്ടിയോ തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തിരുന്നത്. ഇത് മുഖത്ത് പാടുകൾ അവശേഷിപ്പിക്കാനും രോഗമുക്തിക്ക് കൂടുതൽ സമയമെടുക്കാനും കാരണമാകുമായിരുന്നു.
എന്നാൽ, മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ, പുറമേ മുറിവുകളോ പാടുകളോ ഇല്ലാതെ ട്യൂമർ പൂർണ്ണമായും നീക്കം ചെയ്യാൻ ബി.എം.എച്ചിലെ ഡോക്ടർമാർക്ക് കഴിഞ്ഞു. ഇ.എൻ.ടി. സ്കൾ ബേസ് സർജന്മാരായ ഡോ. സാനു പി. മൊയ്തീൻ, ഡോ. ഡേവിസ് തോമസ് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
ശസ്ത്രക്രിയ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ രോഗിയെ ഡിസ്ചാർജ് ചെയ്തു. അവർ വളരെ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തു എന്നത് ഈ ചികിത്സാരീതിയുടെ വിജയമാണ് കാണിക്കുന്നത്.
“എൻഡോസ്കോപ്പിക് ട്രാൻസ്‌നേസൽ ഓർബിറ്റൽ ട്രാൻസ്പൊസിഷൻ പോലുള്ള അതിനൂതന താക്കോൽദ്വാര ശസ്ത്രക്രിയകളിലൂടെ, തലയോട്ടി തുറക്കാതെ തന്നെ തലച്ചോറിനോടും കണ്ണിനോടും ചേർന്നുള്ള ട്യൂമറുകൾ സുരക്ഷിതമായി നീക്കം ചെയ്യാൻ സാധിക്കും. ഇതുവഴി ശസ്ത്രക്രിയയുടെ സങ്കീർണ്ണതകളും രോഗമുക്തിക്ക് ആവശ്യമായ സമയവും വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും,” എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. സാനു പി. മൊയ്തീൻ പറഞ്ഞു.
ഇ.എൻ.ടി., ഹെഡ് & നെക്ക് ഓങ്കോസർജറി വിഭാഗത്തിന് കീഴിലുള്ള സ്കൾ ബേസ് സർജറി യൂണിറ്റ്, ന്യൂറോസർജറി, ഇന്റർവെൻഷണൽ റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളുടെ പിന്തുണയോടെ അതിനൂതനമായ സ്കൾ ബേസ്, കാൻസർ ശസ്ത്രക്രിയകൾ പതിവായി നടത്താറുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഈ മുന്നേറ്റം, ആധുനിക സ്കൾ ബേസ്, കാൻസർ ശസ്ത്രക്രിയകൾക്കുള്ള മേഖലയിലെ ഒരു പ്രധാന കേന്ദ്രമെന്ന നിലയിൽ തൊടുപുഴ ബി.എം.എച്ചിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നു