ഇന്ത്യ ഇഷ്ടമല്ലെങ്കിൽ അടച്ചുപൂട്ടി പോകൂ; വിക്കിപീഡിയക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഡൽഹി ഹൈക്കോടതി

വാർത്താ ഏജൻസിയായ എഎൻഐയെ കുറിച്ചുള്ള ഒരു എൻട്രിയിലെ തിരുത്തലുകളെക്കുറിച്ചുള്ള വിവരങ്ങൾ തടഞ്ഞുവച്ചതിലാണ് നടപടി. ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാത്തതിൽ വിക്കിപീഡിയയ്ക്ക് കോടതി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

0

ദില്ലി: സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് ദില്ലി ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. വാർത്താ ഏജൻസിയായ എഎൻഐയെ കുറിച്ചുള്ള ഒരു എൻട്രിയിലെ തിരുത്തലുകളെക്കുറിച്ചുള്ള വിവരങ്ങൾ തടഞ്ഞുവച്ചതിലാണ് നടപടി. ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാത്തതിൽ വിക്കിപീഡിയയ്ക്ക് കോടതി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. “നിങ്ങൾക്ക് ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ ദയവായി ഇന്ത്യയിൽ ജോലി ചെയ്യരുത്… നിങ്ങളുടെ സൈറ്റ് ബ്ലോക്ക് ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടേണ്ടി വരും” എന്നാണ് കോടതിയുടെ മുന്നറിയിപ്പ്.

വാർത്താ ഏജൻസിയെക്കുറിച്ചുള്ള വിവരങ്ങളുള്ള പേജിൽ ചില തിരുത്തലുകൾ വന്ന സംഭവത്തിൽ വിക്കിപീഡിയ അപകീർത്തിപ്പെടുത്തുന്നുവെന്ന് ഉന്നയിച്ചാണ് എഎൻഐ കേസ് ഫയൽ ചെയ്തത്. എഎൻഐയെ ഇന്ത്യൻ സർക്കാരിൻ്റെ “പ്രചാരണ ഉപകരണം” എന്നാണ് പരാമർശിച്ചിരുന്നത്. തിരുത്തലുകൾ വരുത്തിയ മൂന്ന് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിക്കിപീഡിയയോട് കോടതി ഉത്തരവിട്ടിരുന്നു, എന്നാൽ ഇന്ന് ഇത് വെളിപ്പെടുത്തിയിട്ടില്ലെന്ന് എഎൻഐ അവകാശപ്പെട്ടു.

ഇന്ത്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമല്ലാത്തതിനാലാണ് കാലതാമസം ഉണ്ടായത് എന്നടക്കമുള്ള വാദങ്ങളാണ് വിക്കിപീഡിയ ഉന്നയിച്ചത്. എന്നാൽ, ഇന്ത്യയിൽ ഒരു സ്ഥാപനമല്ലെന്നത് ഒരു പ്രശ്നമല്ലെന്നും രാജ്യത്തെ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സൈറ്റ് ബ്ലോക്ക് ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. നിങ്ങൾക്ക് ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ ദയവായി ഇന്ത്യയിൽ ജോലി ചെയ്യരുത് എന്ന കടുത്ത പരാമർശം തന്നെ കോടതി നടത്തുകയും ചെയ്തു. കേസ് ഒക്ടോബറിലേക്ക് മാറ്റിയ ഹൈക്കോടതി കമ്പനിയുടെ പ്രതിനിധിയോട് ഹാജരാകാൻ ഉത്തരവിട്ടിട്ടുണ്ട്.

You might also like

-