മോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
ഇമ്രാൻ ഖാൻ അധികാരത്തിലെത്തിയ ശേഷം മോദിയും പാക് ഭരണകൂടവും തമ്മിലുള്ള ബന്ധം ഒട്ടും ഊഷ്മളമായിരുന്നില്ല. 2014-ൽ സത്യപ്രതിജ്ഞാച്ചടങ്ങിന് അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചയാളാണ് മോദി
കറാച്ചി: തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ‘തെരഞ്ഞെടുപ്പ് വിജയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സഖ്യകക്ഷികൾക്കും അഭിനന്ദനങ്ങൾ’, ഇമ്രാൻ പറഞ്ഞു. ദക്ഷിണേഷ്യയുടെ വികസനത്തിന് മോദിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കഴിയുമെന്ന് കരുതുന്നതായും ഇമ്രാൻ ഖാൻ പറഞ്ഞു.
ഇമ്രാൻ ഖാൻ അധികാരത്തിലെത്തിയ ശേഷം മോദിയും പാക് ഭരണകൂടവും തമ്മിലുള്ള ബന്ധം ഒട്ടും ഊഷ്മളമായിരുന്നില്ല. 2014-ൽ സത്യപ്രതിജ്ഞാച്ചടങ്ങിന് അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചയാളാണ് മോദി. പിന്നീട്, നവാസ് ഷെരീഫിന്‍റെ മകളുടെ വിവാഹത്തിന് അപ്രതീക്ഷിതമായി ലാഹോറിൽ വിമാനമിറങ്ങി നരേന്ദ്രമോദി. പക്ഷേ പിന്നീടങ്ങോട്ട് പാകിസ്ഥാനുമായുള്ള മോദിയുടെ നയതന്ത്രബന്ധം വഷളായി.
മോദിയുടെ ഭരണകാലത്താണ് അതിർത്തിയിൽ നിരവധി പട്ടാളക്കാർ കൊല്ലപ്പെട്ടു. കശ്മീരിൽ സമാധാനം പുലർന്നില്ല. പുൽവാമ ഭീകരാക്രമണത്തിന് ശേഷം, പാകിസ്ഥാന് തിരിച്ചടിയായി ബാലാകോട്ട് പ്രത്യാക്രമണം നടത്തിയതോടെ, പാകിസ്ഥാനുമായി നിരന്തരമായ നയതന്ത്രസംഘർഷത്തിലായി ഇന്ത്യ.
ഈ സാഹചര്യത്തിലാണ് വീണ്ടും ഇന്ത്യയിൽ മോദി അധികാരത്തിലെത്തുന്നത്. അതിർത്തിയിൽ സമാധാനം പുലരാൻ പാകിസ്ഥാന് ഇന്ത്യയുടെ സഹകരണം അത്യാവശ്യമാണ് താനും.