10 സീറ്റുകളില്‍ ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടി യു.ഡി.എഫ്
മോദി സര്‍ക്കാരിനെതിരായി സംസ്ഥാനത്ത് ഉയര്‍ന്ന വികാരം ഗുണമായത് യു.ഡി.എഫിനാണ്.
മോദിക്കെതിരായ വികാരവും ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ വികാരവും നേട്ടമാക്കി യു.ഡി.എഫ്. 10 സീറ്റുകളില്‍ ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടിയ യു.ഡി.എഫിന് നഷ്ടമായത് ആലപ്പുഴ മാത്രം. ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണം യു.ഡി.എഫിന് കരുത്തായി.
നേട്ടമുണ്ടാക്കുമെന്ന് ഉറപ്പിച്ചതാണ്. എന്നാല്‍ ഇത്രയും വലിയ വിജയം അത് യു.ഡി.എഫ് ഒരു ഘട്ടത്തിലും പ്രതീക്ഷിച്ചതല്ല. മോദി സര്‍ക്കാരിനെതിരായി സംസ്ഥാനത്ത് ഉയര്‍ന്ന വികാരം ഗുണമായത് യു.ഡി.എഫിനാണ്. ക്രിസ്ത്യന്‍, മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തു. ന്യൂനപക്ഷാഭിമുഖ്യമുള്ള വെല്‍ഫയര്‍ പാര്‍ട്ടി പരസ്യ പിന്തുണ പ്രഖ്യാപിച്ച് പ്രചരണത്തിന് ഒപ്പം കൂടിയത് മുസ്‍ലിം വോട്ടുകളുടെ ദിശ നിര്‍ണയിച്ചു.
ശബരിമല വിഷയം സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്തതില്‍ ഹിന്ദു സമൂഹത്തില്‍ അതൃപ്തിയുണ്ടായിരുന്നു. അക്രമാത്മക സമരത്തിലൂടെ അതിനെ മുതലെടുക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ തന്ത്രപരമായ നീക്കത്തിലൂടെ യു.ഡി.എഫ് പ്രതിരോധിച്ചു. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ ശബരിമല വിഷയത്തില്‍ യു.ഡി.എഫ് നയത്തിന്‍റെ വിജയമായി. ഇടതുപക്ഷാഭിമുഖ്യ വോട്ടുകള്‍ വരെ യു.ഡി.എഫിന് ലഭിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത് ഗ്രൂപ്പ് മറന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ കാരണമായി. എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയപ്പോള്‍ യു.ഡി.എഫിന് ലഭിച്ചത് അപ്രതീക്ഷിത നേട്ടം.
വിജയത്തിന്റെ ആഹ്ലാദത്തിലും ആലപ്പുഴയാണ് കോണ്‍ഗ്രസിന്‍റെ വേദനയാകുന്നത്. കോണ്‍ഗ്രസിലെ മികച്ച വനിതാ നേതാവായ ഷാനിമോള്‍ ഉസ്മാന്‍റെ പരാജയത്തിന്‍റെ കാരണം പാര്‍ട്ടിക്ക് കണ്ടെത്തേണ്ടി വരും.