എറണാകുളത്ത് പ്രളയ ദുരിതാശ്വാസം: പരാതികള്‍ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം
എറണാകുളം ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ernakulam.gov.in ല്‍ ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കാം.
കൊച്ചി: പ്രളയ ദുരിതബാധിതര്‍ക്ക് നല്‍കുന്ന കിറ്റുകളുടെയും അടിയന്തര ധനസഹായം 10,000 രൂപയുടെയും വിതരണം സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് സംവിധാനമൊരുക്കിയതായി ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. എറണാകുളം ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ernakulam.gov.in ല്‍ ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കാം. സൈറ്റില്‍ ഫ്‌ളഡ് റീലിഫ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ശേഷം കംപ്ലയിന്റ് രജിസ്‌ട്രേഷന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പരാതി സമര്‍പ്പിക്കുന്നതിനുളള ഫോം ലഭിക്കും. കംപ്ലയിന്റ് രജിസ്‌ട്രേഷന്‍ ഫോമില്‍ റിലീഫ് കിറ്റ് വിതരണം, ധനസഹായ വിതരണം എന്നിവ സംബന്ധിച്ച പരാതി തിരഞ്ഞെടുക്കാം. തുടര്‍ന്ന് കിറ്റ് അല്ലെങ്കില്‍ ധനസഹായം ലഭിക്കാത്തത് സംബന്ധിച്ച്, അനര്‍ഹര്‍ക്ക് ലഭിച്ചതു സംബന്ധിച്ച്, മറ്റു പരാതികള്‍ എന്നിവയില്‍ നിന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ലഭിക്കും. തുടര്‍ന്ന് നിങ്ങളുടെ ഫോണ്‍ നമ്പര്‍, താലൂക്ക്, വില്ലേജ്, പഞ്ചായത്ത്/കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി, വാര്‍ഡ് നമ്പര്‍ എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇത്രയും വിവരങ്ങള്‍ നല്‍കിയ ശേഷം പരാതി സമര്‍പ്പിക്കാം. പൊതുജനങ്ങളില്‍ നിന്നു ലഭിക്കുന്ന പരാതികള്‍ എല്ലാ താലൂക്കുകളിലും ഒരേസമയം ലഭ്യമാകും. ബന്ധപ്പെട്ട താലൂക്കുകളില്‍ ഈ പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. ഓരോ പരാതിയിലും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ട്രേറ്റില്‍ നിരീക്ഷിക്കും. കിറ്റ് വിതരണവും അടിയന്തര ധനസഹായവിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.എറണാകുളത്ത് പ്രളയ ദുരിതാശ്വാസം: പരാതികള്‍ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം