ശബരിമല സ്വർണക്കൊള്ള എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ ഡി നീക്കം

രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതികളെ ചോദ്യം ചെയ്യും.അറസ്റ്റിലായ ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് ഇന്നലെ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടന്നിരുന്നു. ഇവിടെനിന്ന് ലഭിച്ച വിവരങ്ങളുടെയും ബാങ്കിംഗ് ട്രാൻസാക്ഷൻ്റെയും അടിസ്ഥാനത്തിൽ ആയിരിക്കും

തിരുവനന്തപുരം | ശബരിമല സ്വർണക്കൊള്ള കേസ് പ്രതികളായ എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ ഡി . ഇന്നലെ നടന്ന റെയിഡിന് പുറമെയാണ് ഇ ഡിയുടെ നടപടി. കവർച്ചാപ്പണം കൊണ്ട് വാങ്ങിയ സ്വത്തുക്കളാണ് കണ്ടുകെട്ടുക. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കമുണ്ട്.രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതികളെ ചോദ്യം ചെയ്യും.അറസ്റ്റിലായ ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് ഇന്നലെ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടന്നിരുന്നു. ഇവിടെനിന്ന് ലഭിച്ച വിവരങ്ങളുടെയും ബാങ്കിംഗ് ട്രാൻസാക്ഷൻ്റെയും അടിസ്ഥാനത്തിൽ ആയിരിക്കും ഇഡി അടുത്തഘട്ട അന്വേഷണം ആരംഭിക്കുക.

അതേസമയം, സ്വർണക്കവർച്ചയിലൂടെ ഉണ്ണികൃഷ്ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തി. ശബരിമലയിലെ സ്പോൺസർഷിപ്പ് ഇടപാടുകളിൽ വൻ ക്രമക്കേടെന്നും കണ്ടെത്തലുണ്ട്. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.പ്രതികളായ എ പത്മകുമാർ, ബി മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യഹർജി ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്.

സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന ഇന്നും തുടരും. കഴിഞ്ഞദിവസം സന്നിധാനത്ത് എത്തിയ എസ്ഐടി സംഘം ശ്രീകോവിലിന് സമീപത്തെ സ്വർണപ്പാളിയിലും സ്ട്രോങ്ങ് റൂമിൽ അടക്കം പരിശോധന നടത്തിയെന്നാണ് സൂചന. പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇന്നും നാളെയും എസ്ഐടി സംഘം സന്നിധാനത്ത് തുടരും. കൊടിമരം മാറ്റി സ്ഥാപിച്ചതിൽ അടക്കം എസ്ഐടി വിവരങ്ങൾ ശേഖരിക്കും. ഇന്നലെ ഉച്ചയോടുകൂടി ആണ് എസ് പി ശശിധരൻ അടക്കമുള്ള അന്വേഷണസംഘം സന്നിധാനത്ത് എത്തിയത്. ഹൈക്കോടതിയുടെ അനുമതി പ്രകാരം ആയിരുന്നു സന്നിധാനത്തെ പരിശോധനയും തെളിവ് ശേഖരണവും. സ്വർണകൊള്ളയിൽ സന്നിധാനത്തുനിന്ന് പരമാവധി തെളിവുകൾ ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് എസ്ഐടിയുടെ ആലോചന.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, പതിനൊന്നാം പ്രതി നാഗ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് ഹൈക്കോടതി വിധി പറയുക. ജസ്റ്റിസ് എ ബദറുദ്ദിൻ്റെ ബെഞ്ച് ആണ് ജാമ്യാപേക്ഷകളില്‍ വാദം കേട്ടത്. സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും, ഭരണപരമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തത് എന്നാണ് പത്മകുമാറിന്റെയും, മുരാരി ബാബുവിന്റെയും വാദം. ശബരിമലയിലേക്ക് ഒരു കോടി നാല്‍പത് ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്തയാളാണ് താനെന്നും സ്വര്‍ണ്ണം കവര്‍ന്നെടുക്കേണ്ട കാര്യമില്ലെന്നുമാണ് നാഗ ഗോവര്‍ദ്ധന്‍ ഹൈക്കോടതിയെ അറിയിച്ചത്.

You might also like

-