രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും

രാഹുലിനെതിരെ പത്തനംതിട്ട സ്വദേശിയായ യുവതിയാണ് മൂന്നാമത്തെ ബലാത്സംഗ പരാതി നൽകിയിരിക്കുന്നത്. യുവതി വിദേശത്താണുള്ളത്. ഇമെയിൽ വഴി ലഭിച്ച പരാതിയിൽ വീഡിയോ കോണ്‍ഫറൻസിലൂടെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ അതീവ ഗുരുതരമായ പരാതിയാണ് യുവതി സമര്‍പ്പിച്ചിരിക്കുന്നത്

പത്തനംതിട്ട| മൂന്നാം പീഡനകേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും. മൂന്നാമത്തെ ബലാത്സം​ഗ പരാതിയിൽ രാ​ഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രവർത്തകർ മു​ദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചെത്തിയത്. ഇന്നലെ അർദ്ധരാത്രി പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ രാഹുലിനെ ആറര മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് വൈദ്യപരിശോധനക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. രാഹുലിനെ പുറത്തിറക്കാൻ കഴിയാത്ത വിധത്തിൽ വാഹനം വളഞ്ഞാണ് പ്രതിഷേധക്കാര്‍ സംഘടിച്ചെത്തിയത്. സമരക്കാര്‍ രാഹുലിനെ കൂവിവിളിച്ചു.

രാഹുലിനെതിരെ പത്തനംതിട്ട സ്വദേശിയായ യുവതിയാണ് മൂന്നാമത്തെ ബലാത്സംഗ പരാതി നൽകിയിരിക്കുന്നത്. യുവതി വിദേശത്താണുള്ളത്. ഇമെയിൽ വഴി ലഭിച്ച പരാതിയിൽ വീഡിയോ കോണ്‍ഫറൻസിലൂടെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ അതീവ ഗുരുതരമായ പരാതിയാണ് യുവതി സമര്‍പ്പിച്ചിരിക്കുന്നത്. ഒപ്പം പരാതിക്ക് അടിസ്ഥാനമായ തെളിവുകളും നൽകിയിട്ടുണ്ട്. പ്രത്യേക സംഘമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

രാഹുലിനെതിരായ ആദ്യ ബലാൽസംഗ പരാതിയിൽ ഈ മാസം 21 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ ആണ്. ഈ കേസിൽ പരാതിക്കാരിയെ കോടതി കക്ഷിയാക്കിയിട്ടുമുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. ബെം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയായ മലയാളി യുവതിയെ പത്തനംതിട്ടയിലെ ഹോം സ്റ്റേയിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു രാഹുലിനെതിരെയുള്ള രണ്ടാമത്തെ കേസ്. ഈ കേസില്‍ രാഹുലിന് ഉപാധികളോടെ തിരുവനന്തപുരം സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം നൽകിയിട്ടുണ്ട്.

അതേസമയം മൂന്നാം ബലാത്സംഗക്കേസിൽ സാമ്പത്തിക ഇടപാടുകളുടെ തെളിവടക്കം പൊലീസിന് കൈമാറിയെന്ന് സൂചന. ലൈംഗിക പീഡനത്തിന് പുറമെ സാമ്പത്തിക ചൂഷണവും ക്രൂരമായ ശാരീരിക ഉപദ്രവവും രാഹുൽ നടത്തിയെന്നാണ് യുവതിയുടെ മൊഴി. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്ത് സോഷ്യൽ മീഡിയ വഴി തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി രാഹുൽ ബന്ധം തുടരുകയും, യുവതിയുടെ വിവാഹബന്ധം വേർപെടുത്താൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. വിട്ടുപോകാതിരിക്കാൻ ഒരു കുഞ്ഞ് വേണമെന്ന് രാഹുൽ നിർബന്ധിച്ചതായും ഒരു കുഞ്ഞുണ്ടായാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുമെന്ന് വിശ്വസിപ്പിച്ചതായും യുവതി പറയുന്നു. പൊതുപ്രവർത്തകനായതിനാൽ പുറത്തുവെച്ച് കാണാൻ കഴിയില്ലെന്ന് പറഞ്ഞ് ഹോട്ടലിൽ മുറിയെടുക്കാൻ യുവതിയോട് ആവശ്യപ്പെട്ട രാഹുൽ, അവിടെവെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
ഹോട്ടൽ മുറിയിൽ എത്തിയ ഉടൻ തന്നെ യാതൊരു പ്രകോപനവുമില്ലാതെ കടന്നാക്രമിച്ചുവെന്നും ലൈംഗിക ബന്ധത്തിനിടെ മുഖത്ത് അടിക്കുകയും തുപ്പുകയും ശരീരത്തിൽ മുറിവുകൾ ഏൽപ്പിക്കുകയും ചെയ്തുവെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. പിന്നീട് ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ അസഭ്യം പറയുകയും കുഞ്ഞ് മറ്റാരുടേതെങ്കിലും ആകുമെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. ഈ അപമാനത്തിൽ മനംനൊന്താണ് ഡിഎൻഎ പരിശോധനയ്ക്കായി ലാബിനെ സമീപിച്ചത്. എന്നാൽ രാഹുൽ സാമ്പിൾ നൽകാൻ തയ്യാറായില്ല. രാഹുലിന്റെ ഭാഗത്തുനിന്നുള്ള കടുത്ത മാനസിക സമ്മർദ്ദത്തെത്തുടർന്ന് ഗർഭം അലസിയപ്പോൾ വിവരം അറിയിക്കാൻ ശ്രമിച്ച യുവതിയെ രാഹുൽ ഫോണിൽ ബ്ലോക്ക് ചെയ്യുകയും ഇമെയിലുകൾക്ക് മറുപടി നൽകാതിരിക്കുകയും ചെയ്തു. പിന്നീട് രാഹുലിന്റെ സഹായി ഫെന്നി നൈനാനെയാണ് യുവതി വിവരം അറിയിച്ചത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ബന്ധപ്പെട്ട രാഹുൽ, ഒരുമിച്ച് ജീവിക്കാനായി അവിടെ ഒരു ഫ്ലാറ്റ് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ഇതിനായി ഇരുവരും ചേർന്ന് ഒരു ബിൽഡർ ഗ്രൂപ്പിനെ സമീപിച്ചിരുന്നു. കൂടാതെ, രാഹുലിന് വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും യുവതി വാങ്ങി നൽകിയിട്ടുണ്ട്. ചെരിപ്പ് വാങ്ങാൻ മാത്രം പതിനായിരം രൂപ യുപിഐ വഴി അയച്ചുകൊടുത്തതിന്റെ തെളിവുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ പോലീസിന് കൈമാറി. രാഹുലിനെതിരെ മറ്റ് പീഡന പരാതികൾ ഉയർന്നപ്പോൾ താനും പരാതിയുമായി മുന്നോട്ട് പോകുമെന്ന് തിരിച്ചറിഞ്ഞ രാഹുൽ, യുവതിയുടെ കുടുംബത്തെയും മാതാപിതാക്കളെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇമെയിൽ വഴി നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഭ്രൂണത്തിന്റെ സാമ്പിൾ ശേഖരിച്ചുവെച്ച കേസായതിനാൽ രാഹുലിന് ജാമ്യം ലഭിക്കുന്നത് എളുപ്പമാകില്ലെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

You might also like

-