1.90 ലക്ഷം അമേരിക്കന്‍ ഡോളര്‍ കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സരിതിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ്
യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസർ ഖാലിദിനൊപ്പം ചേര്‍ന്ന് 1.90 ലക്ഷം അമേരിക്കന്‍ ഡോളര്‍ കടത്തിയെന്നാണ് കേസ്
കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സരിതിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസർ ഖാലിദിനൊപ്പം ചേര്‍ന്ന് 1.90 ലക്ഷം അമേരിക്കന്‍ ഡോളര്‍ കടത്തിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് എം ശിവശങ്കര്‍ക്ക് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും, വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.
സ്വര്‍ണക്കള്ളക്കടത്ത് കേസിൽ ഹംജത് അബ്ദുല്‍ സലാം, ടിഎം സംജു എന്നിവര്‍ നൽകിയ ജാമ്യാപേക്ഷയില്‍ ഇന്ന് എന്‍ഐഎ കോടതി വിശദമായ വാദം കേള്‍ക്കും. ദാവൂദ് ഇബ്രാഹിന്‍റെ സംഘവുമായി കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുള്ളതായി സംശയമുണ്ടെന്ന് എന്‍ഐഎ വാദിച്ചിരുന്നു. ഹംജത് അബ്ദുല്‍ സലാമിന്‍റെ ദുബൈയില്‍ താമസിക്കുന്ന മകന്‍റെ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധം അന്വേഷിക്കേണ്ടതുണ്ട്. തിരുവനന്തപുരത്ത് നിന്ന് സ്വര്‍ണം കൊണ്ടുവരാൻ രാജു എന്ന പ്രതിയെയാണ് നിയോഗിച്ചത്. പിന്നീട് കേസ് പുറത്ത് വന്നപ്പോൾ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനായി രാജുവിനെ വിദേശത്തേക്ക് അയച്ചു. രാജുവിന് വിദേശത്ത് സംരക്ഷകരുണ്ടെന്നും എന്‍ഐഎ ആരോപിച്ചു.