പേരെടുക്കാനുള്ള ഹർജിയുമായി കോടതിയുടെ സമയം കളയരുത് അരികൊമ്പൻ കേസ് ബെഞ്ച് ഫോറസ്റ്റ് ബെഞ്ചിന് വിട്ടു
അടിയന്തര പ്രാധാന്യമുള്ള ഹർജിയാണെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചുവെങ്കിലും തങ്ങൾ ഈ കേസ് കേൾക്കുന്നതിൽ വിദഗ്ധരല്ലെന്നാണ് ജസ്റ്റിസുമാരായ ആർ സുബ്രഹ്മണ്യവും വിക്ടോറിയ ഗൗരിയും അറിയിച്ചത്
ചെന്നൈ| അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണം എന്നാവശ്യപ്പെടുന്ന കൊച്ചി സ്വദേശിനി റബേക്കയുടെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ചിന് വിട്ടു. കേസ് അടിയന്തരമായി പരിഗണിക്കണം എന്ന ഹർജിക്കാരിയുടെ ആവശ്യം കോടതി തള്ളി. അടിയന്തര പ്രാധാന്യമുള്ള ഹർജിയാണെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചുവെങ്കിലും തങ്ങൾ ഈ കേസ് കേൾക്കുന്നതിൽ വിദഗ്ധരല്ലെന്നാണ് ജസ്റ്റിസുമാരായ ആർ സുബ്രഹ്മണ്യവും വിക്ടോറിയ ഗൗരിയും അറിയിച്ചത്. അതുകൊണ്ടാണ് ഫോറസ്റ്റ് ബെഞ്ച് കേസ് കേൾക്കെട്ടെ എന്ന് പറഞ്ഞത്. എന്നാൽ കേസിന് അടിയന്തര പ്രാധാന്യമുണ്ട് എന്ന് ഹർജിക്കാരി ആവർത്തിച്ചത് കോടതിയുടെ വിമർശനത്തിന് ഇടയാക്കി.
ആനയെ അവിടെയും ഇവിടെയും കൊണ്ടുപോയി വിടണമെന്ന് കോടതിക്ക് പറയാനാകില്ല. ഈ ഹർജി പൊതു താൽപ്പര്യത്തിൽ അല്ലെന്നും ഹർജിക്കാരിയുടെ പ്രശസ്തിക്കുവേണ്ടിയാണെന്നും കോടതി പരിഹസിച്ചു. സാഹചര്യം മനസ്സിലാക്കാതെയുള്ള ആവശ്യമെന്നും കോടതിയുടെ ഹര്‍ജിയെ നിരീക്ഷിച്ചു. പേരെടുക്കാനുള്ള ഇത്തരം കാര്യങ്ങൾക്ക് കോടതിയുടെ വിലപ്പെട്ട സമയം കളയാനാകില്ലന്നും കോടതി വ്യക്തമാക്കി .അതേ സമയം , അരിക്കൊമ്പനെ തുറന്നു വിട്ടതായി തമിഴ്നാട് സർക്കാർ സ്ഥിരീകരിച്ചു ചികിത്സ നൽകിയതിന് ശേഷമാണ് തുറന്നു വിട്ടത്. മുത്തുക്കുളിയിലെ കാട്ടിലാണ് തുറന്നു വിട്ടത്. മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് തമിഴ്‌നാട് വനംവകുപ്പിന്റെ വിലയിരുത്തല്‍. മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ അനിമല്‍ ആംബുലന്‍സില്‍ വനംവകുപ്പ് ഡോക്ടര്‍മാര്‍ ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്.