“മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാകരുത്”,പി.ടി.തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിൽ മാർഗ്ഗനിർദ്ദേശങ്ങളുമായി ഇടുക്കി രൂപത
പള്ളിയില്‍ നടക്കുന്ന ചടങ്ങായതിനാല്‍ അതിന്റെ പരിപാവനത കാത്തുസൂക്ഷിക്കണമെന്നും അതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്നും വികാരി ജനറലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു
ഇടുക്കി: പി.ടി.തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിൽ മാർഗ്ഗനിർദ്ദേശങ്ങളുമായി ഇടുക്കി രൂപത. ദേവാലയത്തിന്റെയും കല്ലറയുടേയും പരിപാവനത കാത്തു സൂക്ഷിക്കണം. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാകരുത്. പ്രാർത്ഥനാപൂർവ്വമായ നിശബ്ദത പാലിക്കണമെന്നും വികാരി ജനറൽ നിർദ്ദേശിക്കുന്നു. വികാരിയച്ചനും പാരിഷ് കൗൺസിലിനും ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ഇടുക്കി രൂപത കൈമാറിക്കഴിഞ്ഞു. പി.ടി.തോമസിന്റെ ചിതാഭസ്മം അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയിൽ ഇന്ന് അടക്കം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരമാണിത്.
പള്ളിയില്‍ നടക്കുന്ന ചടങ്ങായതിനാല്‍ അതിന്റെ പരിപാവനത കാത്തുസൂക്ഷിക്കണമെന്നും അതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്നും വികാരി ജനറലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. നേരത്തെ രവിപുരം ശ്മശാനത്തില്‍ പി.ടി.തോമസിന്റെ സംസ്‌കാര ചടങ്ങ് നടക്കുന്നതിനിടയില്‍ പ്രവര്‍ത്തകര്‍ തിങ്ങിക്കൂടുകയും വലിയ തോതില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കുക എന്നത് മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഈ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും കൊറോണ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനിച്ചതാണെന്നും, പള്ളിക്കുള്ളില്‍ കൂട്ടം കൂടല്‍ ഒഴിവാക്കാനും, നിശബ്ദത ഉറപ്പ് വരുത്താനും വേണ്ടിയാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാവിലെ ഏഴിന് പാലാരിവട്ടത്തെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ കുടുംബാംഗങ്ങളില് നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങി. തുറന്ന വാഹനത്തിൽ കൊണ്ടുപോകുന്ന ചിതാഭസ്മ യാത്രയ്‌ക്ക് വിവിധ സ്ഥലങ്ങളിൽ ആദരമർപ്പിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11ന് നേര്യമംഗലത്ത് എത്തിയശേഷം ഇരുമ്പുപാലം, അടിമാലി, കല്ലാർകുട്ടി, പാറത്തോട്, മുരിക്കാശേരി വഴി വൈകിട്ട് നാലിന് ഉപ്പുതോട്ടിൽ സ്മൃതിയാത്ര അവസാനിക്കും. തുടർന്ന് ഇവിടുത്തെ സെന്റ് ജോസഫ്‌സ് പള്ളിയിൽ പി.ടി.തോമസിന്റെ അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യും.. ഡിസംബർ 22 നായിരുന്നു പി.ടി തോമസ് അന്തരിച്ചത്. അർബുദ രോഗബാധയെ തുടർന്ന് ഒരുമാസത്തിലേറെ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നാലുതവണ എം.എൽ.എയും ഒരു തവണ എം.പിയുമായിട്ടുണ്ട്.