ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജിനേയും ചോദ്യം ചെയ്യും
ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കാറിൽ പൾസർ സുനിയോടൊപ്പം അനൂപ് ഉണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുള്ളത്
കൊച്ചി | നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി ,മുഖ്യപ്രതി പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിലും തെളിവ് നശിപ്പിച്ചതിലും ആണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കാറിൽ പൾസർ സുനിയോടൊപ്പം അനൂപ് ഉണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുള്ളത്. കാർ എപ്പോൾ ആവശ്യപ്പെട്ടാലും കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് അന്വേഷണ സംഘം കത്ത് നൽകും. സാങ്കേതിക തകരാർ ഉള്ള കാർ ദിലീപിന്‍റെ വീട്ടിൽ തന്നെ സൂക്ഷിക്കാൻ ആണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
2016 ഡിസംബർ 26 ന് താൻ ദിലീപിനെ കാണാൻ പോയപ്പോൾ പൾസർ സുനി ദിലീപിന്‍റെ ആലുവയിലെ പത്മസരോവരം വീട്ടിലുണ്ടായിരുന്നു. വീട്ടിൽ നിന്ന് ദിലീപിന്‍റെ കാറിൽ മടങ്ങുമ്പോള്‍ സുനിയെ ദിലീപ് തനിക്കൊപ്പം കാറിൽ കയറ്റിവിട്ടു. ദിലീപിന്‍റെ സഹോദരൻ അനൂപും കാറിലുണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി. 2007 ൽ ദിലീപ് വാങ്ങിയതാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത ചുവന്ന മാരുതി സ്വിഫ്റ്റ് കാർ. നടി ആക്രമിക്കപ്പെടുന്നതിന് മുൻപ് തന്നെ മുഖ്യപ്രതി പൾസർ സുനിയുമായി ദിലീപിന് പരിചയം ഉണ്ടെന്നതിനുള്ള തെളിവായിട്ടാണ് കാറിനെ പൊലീസ് കാണുന്നത്.അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വധഗൂഢാലോചനയില്‍ ശരത് പങ്കെടുത്തെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദസാമ്പിളുകളില്‍ ശരത്തിന്റെ ശബ്ദമുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.കേസില്‍ ശരത്തിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ദിലീപുമായി സൗഹൃദമുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ശരത് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു. വധഗൂഡാലോചനാ സമയത്ത് ശരത്തും ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍