ഗൂഢാലോചന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം തുടരും
2017 ലെ നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കാൻ സാധിക്കില്ലെന്ന് മനസിലായതോടെ അന്വേഷണം സംഘം കെട്ടിച്ചമച്ചതാണ് ഈ ഗൂഢാലോചന കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിലില്ലാത്ത പല കാര്യങ്ങളും എഫ്ഐആറിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പോലീസുകാരുടെ പേരും എഫ്ഐആറിൽ കൂട്ടിച്ചേർത്തു. ബാലചന്ദ്രകുമാറിന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
കൊച്ചി | ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു പോലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം തുടരും. ഉച്ചയ്‌ക്ക് 1.45നാണ് പ്രോസിക്യൂഷൻ വാദം തുടരുക. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥർ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന് ദിലീപ് ഇന്നലെ ഹൈക്കോടതിയിൽ വാദിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ കത്ത് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2017 ലെ നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കാൻ സാധിക്കില്ലെന്ന് മനസിലായതോടെ അന്വേഷണം സംഘം കെട്ടിച്ചമച്ചതാണ് ഈ ഗൂഢാലോചന കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിലില്ലാത്ത പല കാര്യങ്ങളും എഫ്ഐആറിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പോലീസുകാരുടെ പേരും എഫ്ഐആറിൽ കൂട്ടിച്ചേർത്തു. ബാലചന്ദ്രകുമാറിന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
ഗൂഢാലോചന നടന്നത് എഡിജിപിക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഇടയിലാണ്. അതാണ് ഗൂഢാലോചന. ബൈജു പൗലോസ് വിചാരണ മുഴുവൻ കണ്ട്, കേസിന്റെ വീഴ്ച എന്താണെന്ന് മനസിലാക്കി. നടിയെ ആക്രമിച്ച കേസിൽ അതനുസരിച്ച് തെളിവുണ്ടാക്കാനാണ് ശ്രമമെന്നും തന്നെ കസ്റ്റഡിയിൽ വേണമെന്ന് പറയുന്നതിൽ രഹസ്യ അജണ്ടയുണ്ടെന്നും ദിലീപ് വ്യക്തമാക്കി. തന്റെ പക്കൽ നിന്ന് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കൃത്രിമ തെളിവുകളുണ്ടാക്കാനാണ് ശ്രമം. മാദ്ധ്യമങ്ങൾ എന്തും പറയാൻ മടിയില്ലാത്തവരാണെന്നും പ്രതിഭാഗം ഇന്നലെ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ കൊല്ലാൻ ദിലീപ് അനൂപിന് നിർദ്ദേശം നൽകുന്നതിന്റെ റെക്കോർഡ് തന്റെ കൈവശമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ഇന്നലെ വെളിപ്പെടുത്തി. ആ ശബ്ദസന്ദേശം താൻ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ആ ശബ്ദസംഭാഷണം താൻ പുറത്തുവിടുമെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വരുന്നുണ്ട്. ഇതിനിെ വധ ഗൂഡാലോചനാക്കേസിലെ പ്രതികളുടെ ശബ്ദ പരിശോധന നടത്തണമെന്ന ക്രൈംബ്രാഞ്ച് അപേക്ഷ ആലുവ കോടതിയുടെ പരിഗണനയിലുമാണ്