ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ്
എന്നാൽ സ്‌ഫോടന സ്ഥലത്ത് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തൽ. കാറിലെ പൊട്ടിത്തെറി സിഎൻജി ടാങ്കിൽ നിന്നല്ലെന്ന സ്ഥിരീകരണത്തിലെത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്നത് ഡോ. ഉമർ മുഹമ്മദ് ആണെങ്കിൽ ഇയാൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്
ഡൽഹി | ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ്. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ അന്വേഷണത്തിനായുള്ള തീരുമാനത്തിലാണ് പൊലീസ്.കാർ പൊട്ടിത്തെറിച്ച സ്ഥലത്ത് സാധാരണഗതിയിൽ ബോംബ് സ്‌ഫോടനത്തിൽ സംഭവിക്കാറുള്ളതു പോലുള്ള വലിയ ഗർത്തങ്ങളോ പെല്ലറ്റുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ സ്‌ഫോടന സ്ഥലത്ത് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തൽ. കാറിലെ പൊട്ടിത്തെറി സിഎൻജി ടാങ്കിൽ നിന്നല്ലെന്ന സ്ഥിരീകരണത്തിലെത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്നത് ഡോ. ഉമർ മുഹമ്മദ് ആണെങ്കിൽ ഇയാൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. ഇത് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധനയടക്കം നടത്താനാണ് നീക്കം.
സ്ഫോടനത്തിനായി ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റെന്ന് സൂചന പുറത്തുവന്നിരുന്നു. ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാറിൽ ഉണ്ടായിരുന്നത് ഒരാൾ മാത്രമെന്ന് നിഗമനം. നേരത്തെ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ പ്രദേശത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ കാറിൽ ഒരാൾ മാത്രമേ ഉള്ളുവെന്ന് കണ്ടെത്തിയത്. തുടർന്നാണ് ഇതിൽ സ്ഥിരീകരണമുണ്ടായത്. കാർ ഓടിച്ചിരുന്നത് ഫരീദാബാദിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡോ. ഉമർ മുഹമ്മദാണെന്നാണ് പൊലീസ് പറയുന്നത്.
കറുത്ത മാസ്ക് ഇട്ടയാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് . ചെങ്കോട്ടയ്ക്ക് മുന്നിൽ കാർ 3 മണിക്കൂർ നിർത്തിയിട്ടെന്നും കണ്ടെത്തൽ. പല തവണ കൈമാറിയ കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നയാളാണെന്നും ഡൽഹി പൊലീസ് കണ്ടെത്തി. ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത് മുപ്പതിലേറെ പേരാണ്. 6 പേരുടെ നില അതീവ ഗുരുതരം. മരണ സംഖ്യ ഉയർന്നേക്കും. മരിച്ചവരിൽ തിരിച്ചറിഞ്ഞവർ എല്ലാം ദില്ലി, യുപി, ബിഹാർ സ്വദേശികളാണ്.