വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി
മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചെന്നൈ | തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് അൽപ്പസമയം മുൻപ് മരിച്ചത്. ഇയാൾ ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് വാങ്ങി പോയിരുന്നു. ശേഷം വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 111 ഓളെ പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. അതേസമയം, മരിച്ചവരിൽ 39 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് കരൂരിൽ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ മരിച്ച ദുരന്തമുണ്ടായത്.വിജയ്‌യുടെ സംസ്ഥാന പര്യടനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ടിവികെ സമ്മേളനത്തിനിടെ പരിക്കേറ്റ കണ്ണൻ എന്നയാൾ ആണ് ഹർജിക്കാരൻ. വൈകീട്ട് 4:30ന് ഹർജി കേൾക്കാമെന്ന് ജസ്റ്റിസ് സെന്തിൽകുമാർ അറിയിച്ചു.
കരൂർ അപകടത്തിന് പിന്നാലെ മുഖം രക്ഷിക്കൽ നടപടിയുമായി ഒരുങ്ങുകയാണ് തമിഴക വെട്രിക് കഴകം. അപകടത്തിന് പിന്നാലെ ചെന്നൈയിലെ വീട്ടിലെത്തിയ വിജയ് ഇന്നലെ തന്നെ അഭിഭാഷകരുമായി സംസാരിച്ചിരുന്നു. രാവിലെ ടിവികെ ജനറൽ സെക്രട്ടറിമാരായ എൻ ആനന്ദ്., ആദവ് അർജുന, അഭിഭാഷകൻ അറിവഴകൻ തുടങ്ങിയവരുമായി വിജയ് ഓൺലൈൻ യോഗം ചേർന്നു.
വിജയ്യുടെ മൗനം അപകടം ചെയ്യുമെന്ന് വിലയിരുത്തിയ യോഗത്തിന് ശേഷമാണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷവും പരുക്കേറ്റവർക്ക് 2 ലക്ഷവും വീതം നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചത്. കോടതിയിൽ നിന്ന് രൂക്ഷവിമർശനമുയരാനുള്ള സാധ്യതയും ജനരോക്ഷവും കണക്കിലെടുത്ത് അടുത്തയാഴ്ചയിലെ വിജയ്യുടെ സംസ്ഥാനപര്യടനം റദ്ദാക്കി. അനിശ്ചിതകാലത്തേക്ക് പര്യടനം നീട്ടിവെയ്ക്കുമെന്നാണ് വിവരം. എൻ ആനന്ദ് ഉൾപ്പടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യതക്കുൾപ്പടെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാളെ മദ്രാസ് ഹൈക്കോടതിയിൽ സർക്കാർ അപകടവിവരം ധരിപ്പിക്കും. വിജയ്യെ പ്രതിചേർക്കുന്നതും അറസ്റ്റ് ചെയ്യുന്നതുമൊക്കെ ഹൈക്കോടതി പരാമർശങ്ങൾക്ക് പിന്നാലെയാകും തീരുമാനിക്കുക. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.