ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ‌ പ്രളയത്തിലും മരണസംഖ്യ 40 ആയി ഉയരുന്നു. 220 പേരെ കാണ്മാനില്ല

കിഷ്ത്വാറിലെ മചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്‌ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്.

കശ്മീര്‍| ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ‌ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ‌ രണ്ട് സിഐഎസ്എഫ് ജവാന്മാരുൾപ്പടെ 40 പേരുടെ ജീവൻ മേഘവിസ്ഫോടനത്തിൽ നഷ്ടമായി. 120 പേർക്ക് പരുക്കേറ്റു.220 പേരെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ചോസിതിയിലാണ് സംഭവം. വ്യാഴാഴ്ച ഉച്ച കഴിഞ്ഞുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. കിഷ്ത്വാറിലെ മചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്‌ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദ്രുതകർമസേനയും സൈന്യവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാൽ വ്യോമമാർഗം രക്ഷാപ്രവർത്തനം സാധിക്കുന്നില്ല. ദ്രുതകർമ്മ സേനയും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ, പ്രതികൂല കാലാവസ്ഥ കാരണം വ്യോമമാർഗമുള്ള രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുമായും മുഖ്യമന്ത്രിയുമായും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. വ്യോമസേനയോടും സജ്ജരായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട് . നാശനഷ്ടങ്ങള്‍ ഉടനടി വിലയിരുത്തും. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് എക്സില്‍ കുറിച്ചു. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു എന്നിവർ അനുശോചനം രേഖപ്പെടുത്തി. ഗാന്ദർബൽ ജില്ലയിലെ നാരാനാഗിലും, മേഘവിസ്ഫോടനം ഉണ്ടായി. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴക്കെടുതി തുടരുകയാണ്.

You might also like

-