അദ്യാപികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
ഇതേ സ്കൂളിലെ അധ്യാപകനായ വെങ്കിട്ടരമണ കാരന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു
കാസര്‍ഗോഡ്: മഞ്ചേശ്വരം മിയാപ്പദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ബി.കെ. രൂപശ്രീ (42)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഇതേ സ്കൂളിലെ അധ്യാപകനായ വെങ്കിട്ടരമണ കാരന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവ ദിവസം നേരത്തേ സ്കൂളില്‍ നിന്നിറങ്ങിയ രൂപശ്രീ ഒരു വിവാഹച്ചടങ്ങിലും മകളുടെ സ്കൂളിലും പോയതിനുശേഷം മടങ്ങുന്ന വഴിയില്‍വച്ച് വെങ്കിട്ടരമണ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നാണ് സൂചന.രൂപശ്രീയുടെ സ്കൂട്ടര്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനും ചില തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി ക്രൂരമായി കൊല്ലുകയും പിന്നീട് മൃതദേഹം കടലില്‍ തള്ളുകയും ചെയ്തതായാണ് പോലീസ് നല്കുന്ന പ്രാഥമിക വിവരം.
നേരത്തേ രൂപശ്രീയുമായി സഹപ്രവര്ത്തകരെന്നതില് കവിഞ്ഞുള്ള അടുപ്പം പുലര്‍ത്തുകയും ചില സാമ്ബത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തതിന്റെ പേരില്‍ അധ്യാപകന് ആരോപണവിധേയനായിരുന്നു. അധ്യാപകന് വലിയ തുകയുടെ ബാങ്ക് വായ്പ ഉണ്ടായിരുന്നതായും അതില്‍ രൂപശ്രീ ജാമ്യം നിന്നിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
അധ്യാപികയുടെ സ്കൂട്ടര്‍ നിര്‍ത്തിയിട്ട സ്ഥലത്തുനിന്ന് കടല്‍ത്തീരത്തേക്ക് അഞ്ച് കിലോമീറ്ററോളം ദൂരമുണ്ടെന്നുള്ള വസ്തുതയാണ് അന്വേഷണ സംഘത്തിന് പിടിവള്ളിയായത്. ഈ ദൂരം ഓട്ടോറിക്ഷയിലോ ബസിലോ കയറി പോയതിന് തെളിവൊന്നും ലഭിച്ചിരുന്നില്ല. സ്കൂട്ടറില്‍ ആവശ്യത്തിന് പെട്രോള്‍ ഉണ്ടായിരുന്നതുമാണ്. മറ്റാരുടെയെങ്കിലും കാറില്‍ അധ്യാപിക കയറിപ്പോവുകയോ ബലമായി കയറ്റിക്കൊണ്ടുപോവുകയോ ചെയ്തതാണെന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിച്ചത്.