ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം, നീതി നടപ്പാക്കും: മൈക്ക് പെന്‍സ്
കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നു വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്.
ഡാലസ് : കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നു വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഈ സംഭവത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുകയും കടകള്‍ കൊള്ളയടിക്കുകയും കൊള്ളിവയ്പു നടത്തുകയും പള്ളികള്‍ കത്തിക്കുകയും ചെയ്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് പ്രോസിക്യൂട്ട് ചെയ്യുമെന്നും പെന്‍സ് പറഞ്ഞു. ഫ്രീഡം ആഘോഷങ്ങളുടെ ഭാഗമായി ഡാലസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച നടന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പെന്‍സ്.
ഞായറാഴ്ച രാവിലെ 10.45 ന് ചര്‍ച്ചില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട്, സെക്രട്ടറി കാര്‍സന്‍, സെനറ്റര്‍ കോന്നന്‍, അറ്റോര്‍ണി ജനറല്‍ പാക്‌സ്ടണ്‍ എന്നിവരോടൊപ്പം എത്തിച്ചേര്‍ന്ന വൈസ് പ്രസിഡന്റിനെ ചര്‍ച്ച് സീനിയര്‍ പാസ്റ്റര്‍ ജെഫ്രസ് പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു. സെക്രട്ടറി കാര്‍സന്‍ സ്വാതന്ത്ര്യ ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചു. മാസ്ക്ക് ധരിച്ചു എത്തിച്ചേര്‍ന്ന പെന്‍സ് പ്രസംഗ പീഠത്തില്‍ എത്തിയതോടെ മാസ്ക്ക് നീക്കി. 14000 പേര്‍ക്കിരിക്കാവുന്ന ചര്‍ച്ചില്‍ 3000 ത്തിനു താഴെ ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. നൂറു പേരടങ്ങുന്ന ഗായക സംഘം മാസ്ക്ക് ധരിക്കാതെ ഗാനങ്ങള്‍ ആലപിച്ചത് വിമര്‍ശനങ്ങള്‍ക്കിടവരുത്തി.
അമേരിക്കയെ ഒന്നിച്ചു നിര്‍ത്തുന്ന മഹത്തായ മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടരണമെന്നും, ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയാല്‍ മാത്രമേ നാം സ്വതന്ത്രരാകൂ എന്നും പെന്‍സ് ഓര്‍മ്മപ്പെടുത്തി. സ്വാതന്ത്ര്യം നമ്മുടെ ജന്മവകാശമാണ് അത് നിഷേധിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ലെന്ന് പെന്‍സ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ കോവിഡ് 19 നെതിരായ പ്രവര്‍ത്തനങ്ങളെ മൈക്ക് പെന്‍സ് പ്രത്യേകം അഭിനന്ദിച്ചു.