ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ മരണം ,രാജ്യത്ത് 40 ദിവസത്തെ ദേശീയ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും
ഇറാൻ വിപ്ലവത്തിന്‍റെ അമരക്കാരനും മുസ്ലിം ഉമ്മത്തിന്‍റെ വഴികാട്ടിയുമായിരുന്ന ഖമേനി, അമേരിക്കയുടെയും ഇസ്രായേലിന്‍റെയും 'ഭീകരാക്രമണത്തിൽ' രക്തസാക്ഷിത്വം വരിച്ചതായി കാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ടെഹ്‌റാൻ|മുപ്പത്തിയേഴ് വർഷത്തിലേറെയായി പരമോന്നത നേതാവായിരുന്ന ആയത്തുള്ള സയ്യിദ് അലി ഖമേനി (86) അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടതിന്‍റെ ആഘാതത്തിൽ ഇറാൻ.ഞായറാഴ്ച പുലർച്ചെ ഇറാൻ ഭരണകൂടമാണ് ഈ ഞെട്ടിക്കുന്ന വാർത്ത സ്ഥിരീകരിച്ചത്. ഇറാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമായി വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവത്തെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദേശീയ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു.
ഇറാൻ വിപ്ലവത്തിന്‍റെ അമരക്കാരനും മുസ്ലിം ഉമ്മത്തിന്‍റെ വഴികാട്ടിയുമായിരുന്ന ഖമേനി, അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ‘ഭീകരാക്രമണത്തിൽ’ രക്തസാക്ഷിത്വം വരിച്ചതായി കാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ടെഹ്‌റാനിലെ അദ്ദേഹത്തിന്‍റെ വസതിക്ക് നേരെ നടന്ന അതിശക്തമായ ബോംബാക്രമണത്തിലാണ് ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ അധിനിവേശത്തിനെതിരെ ഇസ്ലാമിക ലോകത്തിന്‍റെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു അദ്ദേഹമെന്ന് ഇറാൻ ഭരണകൂടം അനുസ്മരിച്ചു.