അന്നയുടെ മരണം; കുടുംബത്തിന് എല്ലാ സഹായവും നല്‍കിയെന്ന് EY ഇന്ത്യ മേധാവി
മകള്‍ അനുഭവിച്ച ജോലി സമ്മര്‍ദ്ദത്തെക്കുറിച്ച് ഇവൈയുടെ ഇന്ത്യ തലവന്‍ രാജീവ് മേമാനിയ്ക്ക് അന്നയുടെ അമ്മ എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കമ്പനിയുടെ ജോലിസംസ്‌കാരത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായത്.
ഡൽഹി : ജോലിസമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ ഇവൈ(EY) ഇന്ത്യയിലെ ജീവനക്കാരിയായ മലയാളി യുവതി അന്ന സെബാസ്റ്റ്യന്‍ പേരയാല്‍ മരിച്ച സംഭവം വലിയ രീതിയില്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മകള്‍ അനുഭവിച്ച ജോലി സമ്മര്‍ദ്ദത്തെക്കുറിച്ച് ഇവൈയുടെ ഇന്ത്യ തലവന്‍ രാജീവ് മേമാനിയ്ക്ക് അന്നയുടെ അമ്മ എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കമ്പനിയുടെ ജോലിസംസ്‌കാരത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായത്.
ഇതോടെ വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ പറഞ്ഞു. അന്നയുടെ മരണത്തിന് പിന്നാലെ കമ്പനിയുടെ ജീവനക്കാര്‍ക്ക് ഇവൈ ഇന്ത്യ ചെയര്‍മാന്‍ രാജീവ് മേമാനി അയച്ച ഇമെയില്‍ ആണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളിലിടം നേടുന്നത്. വാട്‌സ് ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയയിലും കമ്പനിയുമായി ബന്ധപ്പെട്ട നിരവധി സന്ദേശങ്ങള്‍ പ്രചരിക്കുകയാണെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നയുടെ കുടുംബവുമായി കമ്പനി ബന്ധപ്പെട്ടുവെന്നും രാജീവ് മേമാനി പറഞ്ഞു.