ഫിൻജാൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 9 മരണം, കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഡിസംബർ രണ്ടിന് റെഡ് അലർട്ട് പ്രഖ്യാപിച്ചു...

ചെന്നൈ | ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 9 മരണം. പുതുച്ചേരിയിലും തമിഴ്നാട്ടിലെ വിഴുപ്പുറത്തും വെള്ളപ്പൊക്കത്തിൽ ജനജീവിതം സ്തംഭിച്ചു. പുതുച്ചേരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫിൻജാൽ ശക്തി ക്ഷയിച്ച് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഡിസംബർ രണ്ടിന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 204.4mm യിൽ കൂടുതൽ) സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഡിസംബർ ഒന്നിന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിലും ഡിസംബർ 2ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 115.6mm മുതൽ 204.4mm വരെ) സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഫിൻജാൽ കരതൊട്ട പുതുച്ചേരിയെ പ്രളയത്തിൽ മുക്കി റെക്കോർഡ് മഴയാണ് പെയ്തത്. 24 മണിക്കൂറിൽ 50 സെൻറിമീറ്ററും കടന്ന ദുരിതപ്പെയ്ത്തിൽ, പ്രധാന ബസ് ഡിപ്പോയിലും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കാറുകൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സബ്സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുക വെല്ലുവിളിയാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ പുതുച്ചേരിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാംപുകളാകുമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കി. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരം ചെന്നൈയിലെ കരസേന സംഘം രാവിലെ ആറേകാലോടെ പുതുച്ചേരിയിലെത്തി രക്ഷാദൃത്യം ഏറ്റെടുത്തു.50 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം നേരിടുന്ന വിഴുപ്പുറത്തും സ്ഥിതി ആശങ്കാജനകമാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻറെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇവിടെ രക്ഷാപ്രവർത്തനം. തിരുവണ്ണാമലയിൽ ജില്ലാ കളക്ടറുടെ ഔഐദ്യോഗിക വസതിയുടെ ചുറ്റുമതിൽ തകർത്ത് വെള്ളം ഉള്ളിൽ കയറി. കടലൂർ, കള്ളക്കുറിച്ചി ജില്ലകളിൽ ഏക്കറുകണക്കിന് കൃഷി നശിച്ചു. രാവിലെ മുതൽ മഴ മാറി നിന്നതിനാൽ ചെന്നൈയിൽ മിക്കയിടത്തും വെള്ളം ഇറങ്ങി. 16 മണിക്കൂർ അടച്ചിട്ട ചെന്നൈ വിമാനത്താവളം പുലർച്ചെ 4 മണിയോടെ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. നാളെ വൈകീട്ട് വരെ ചെന്നൈയിലും തെക്കൻ ആന്ധ്രയിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം

You might also like

-