മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കേണ്ടെന്ന് സി പി എം സെക്രട്ടേറിയറ്റ്
കത്ത് വിവാദത്തിൽ രാജി വെക്കില്ലെന്ന് ആവർത്തിച്ച് മേയർ ആര്യാ രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. ഇല്ലാത്ത കാര്യത്തിലാണ് തന്നെ ക്രൂശിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ട്. കോടതി മേയറെ കൂടി കേൾക്കണം എന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്.
തിരുവനന്തപുരം | നഗരസഭാ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കേണ്ടെന്ന് സി പി എം സെക്രട്ടേറിയറ്റ്. പൊലീസ് അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്നും ധാരണയായി. നഗരസഭയുടെ ആരോഗ്യവിഭാഗത്തിലെ താത്കാലിക ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ ശുപാര്‍ശ ചെയ്യാനാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിയ്ക്ക് മേയറുടെ പേരില്‍ പുറത്തു വന്ന കത്ത് വിവാദമായിരുന്നു .
കത്ത് അയച്ച നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും കോണ്‍ഗ്രസും മേയറുടെ രാജി ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പ്രതിഷേധം പലപ്പോഴും അക്രമാസക്തമാകുന്ന നിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനത്ത് കണ്ടത്. ഇതിനെ തുടര്‍ന്നാണ് മേയര്‍ രാജിവെക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നത്
അതേസമയം കത്ത് വിവാദത്തിൽ രാജി വെക്കില്ലെന്ന് ആവർത്തിച്ച് മേയർ ആര്യാ രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. ഇല്ലാത്ത കാര്യത്തിലാണ് തന്നെ ക്രൂശിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ട്. കോടതി മേയറെ കൂടി കേൾക്കണം എന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. സമരങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാകരുതെന്നും മേയർ പറഞ്ഞു.കൗൺസിലർമാരുടെ പിന്തുണ ഉള്ളിടത്തോളം കാലം മേയർ ആയി തുടരും. മഹിളാ കോൺഗ്രസ് അധിക്ഷേപത്തിൽ നിയമപരമായ വശങ്ങൾ പരിശോധിക്കുമെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു. കട്ടപണവുമായി കോഴിക്കോടേയ്ക്ക് പോകൂ എന്നാണ് പറഞ്ഞത്. ഉത്തരവാദിത്വ പെട്ടവർ അങ്ങനെ പറയുന്നത് ശരിയല്ല. കുടുംബത്തെ കൂടി പറഞ്ഞതിൽ നിയമ നടപടികൾ ആലോചിക്കും.അന്വേഷണത്തിന്റെ ഭാഗമായി എല്ലാ സാഹചര്യവും പരിശോധിക്കണം. ചിന്തയിൽ പോലും ഇല്ലാത്ത കാര്യത്തിലാണ് ക്രൂശിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അത്ര ക്രൂര ബുദ്ധി തനിക്കില്ല. രാജി ആവശ്യപ്പെടുന്നവർ വാർഡുകളിലെ ആവശ്യങ്ങൾക്ക് തന്റെ ഒപ്പിന് സമീപിക്കുന്നതായും പ്രതിപക്ഷത്തെ പരിഹസിച്ച് മേയർ പറഞ്ഞു.