തലസ്ഥാനത്തെ നാല് മണ്ഡലങ്ങളില്‍ സി.പി.എം-ബി.ജെ.പി. ഡീല്‍

നേമത്ത് 100 ശതമാനം വിജയ പ്രതീക്ഷയുണ്ടെന്നും കഴിഞ്ഞ തവണ ലഭിച്ച ആകെ വോട്ട്, ഇത്തവണ ഭൂരിപക്ഷമായി ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു

0

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്തെ നാല് മണ്ഡലങ്ങളില്‍ സി.പി.എം-ബി.ജെ.പി. ഡീല്‍ നടക്കുന്നുവെന്ന ആരോപണവുമായി നേമത്തെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്‍. ഇത് പുറത്തറിയാതിരിക്കാനാണ് അര്‍ധരാത്രി സംഘര്‍ഷമുണ്ടാക്കുന്നത്. പ്രതിപക്ഷ നേതാവിനെ അന്നം മുടക്കികളെന്ന് വിളിക്കുന്നവരാണ് ഖജനാവ് മുക്കികള്‍. നേമത്ത് 100 ശതമാനം വിജയ പ്രതീക്ഷയുണ്ടെന്നും കഴിഞ്ഞ തവണ ലഭിച്ച ആകെ വോട്ട്, ഇത്തവണ ഭൂരിപക്ഷമായി ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് സി.പി.എം.- ബി.ജെ.പി. സംഘര്‍ഷം കൃത്രിമമായി ഉണ്ടാക്കാനും ന്യൂനപക്ഷ ഏകീകരണം എല്‍.ഡി.എഫിനും ഭൂരിപക്ഷ ഏകീകരണം ബി.ജെ.പിക്കും നല്‍കുന്ന ഒരു സമീപനം അവസാനത്തെ നാല് ദിവസങ്ങളില്‍ നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്. അതിന്റെ തുടക്കം കഴക്കൂട്ടത്തുണ്ടായി അത് വ്യാപിപ്പിക്കാനാണ് ഇരു പാർട്ടികളുടെയും തീരുമാനമെന്നും മുരളീധരൻ ആരോപിച്ചു.വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും സിപിഎമ്മിനെ ജയിപ്പിക്കാനും പകരം നേമത്തും തിരുവനന്തപുരത്തും ബിജെപിയെ വിജയിപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്. ഈ നടക്കുന്ന സംഘര്‍ഷങ്ങള്‍ അതിന് തെളിവാണ്. എല്‍.ഡി.ഫ് സ്ഥാനാര്‍ഥി പറയുന്നത് ബി.ജെ.പി.യുമായാണ് മത്സരം എന്നാണ്. ബിജെപിയും അത് തന്നെയാണ് പറയുന്നത്. അതില്‍നിന്ന് തന്നെ ഡീല്‍ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.ഇരട്ടവോട്ട് സംബന്ധിച്ച് മൊത്തം അന്വേഷിക്കട്ടെയെന്ന് മുരളീധരന്‍ പറഞ്ഞു. അന്വേഷിച്ച് നടപടി എടുക്കട്ടെ. ഇടതുപക്ഷമാണ് കോവിഡിന്റെ പേരില്‍ അഴിമതി നടത്തുകയും ഖജനാവ് മുക്കുകയും ചെയ്യുന്നത്. ഖജനാവ് മുക്കികളെ ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ് അന്നംമുടക്കി എന്ന് പ്രതിപക്ഷനേതാവിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു

You might also like

-