സിപിഐഎം നേതാവും കൊട്ടാരക്കര എംഎല്‍എയുമായ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നു

പ്രതിപക്ഷനേതാവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശം.കൊട്ടാരക്കരയിൽ ഐഷ പോറ്റി സ്ഥാനാർഥിയാകും

തിരുവനന്തപുരം|മുതിര്‍ന്ന സിപിഐഎം നേതാവും കൊട്ടാരക്കര എംഎല്‍എയുമായ ഐഷ പോറ്റി കോണ്‍ഗ്രസില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാലയിട്ട് സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്.പ്രതിപക്ഷനേതാവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശം.കൊട്ടാരക്കരയിൽ ഐഷ പോറ്റി സ്ഥാനാർഥിയാകും. അധികാര മോഹം ഇല്ലെന്നും ഏളിയ കോൺഗ്രസ് പ്രവർത്തകയായി തുടരുമെന്നും ഐഷ പോറ്റി പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലമായി സി പി ഐ എം നേതൃത്വവുമായി അകന്നു കഴിയുന്ന ഐഷ പോറ്റി, പാര്‍ട്ടി പരിപാടികളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയായിരുന്നു. പാര്‍ട്ടി ചുമതലകളില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങിയിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ പൊതുവേദികളില്‍ നിന്നും മാറുന്നുവെന്നായിരുന്നു അവര്‍ നേതൃത്വത്തെ അറിയിച്ചത്, എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതും, വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം പോലുള്ള ഏതെങ്കിലും പദവികള്‍ നല്‍കുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചതുമാണ് ഐഷ പോറ്റിയെ ചൊടിപ്പിച്ചതെന്നാണ് വിവരം

കൊട്ടാരക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പ്രാസംഗികയായി എത്തിയത് മുതല്‍ ഐഷ പോറ്റി സിപിഐഎം വിടുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് ആ വാര്‍ത്തകള്‍ നിഷേധിച്ച ഐഷ പോറ്റി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ പാര്‍ട്ടി വിടുകയായിരുന്നു

You might also like

-