കോവിഡ് രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനേയും ഭാര്യയെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
മൂന്നാറിൽ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് വിനോദസഞ്ചാരിക്കാണ് മടങ്ങുന്നതിനിടെ കൊച്ചി വിമാനത്താവളത്തിൽ കോവിഡ് 19 സ്ഥിരീകരിച്ചത്
കൊച്ചി :വിമാനത്താവളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനേയും ഭാര്യയെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളജിലേക്കാണ് ഇരുവരെയും മാറ്റിയത്. ഇവർക്കൊപ്പം കേരളത്തിലെത്തിയ 17 പേരെയും നിരീക്ഷണത്തിൽ വയ്ക്കും. മറ്റ് യാത്രക്കാരുമായി വിമാനം ഉടൻ ദുബായിലേക്ക് പുറപ്പെടും.
മൂന്നാറിൽ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് വിനോദസഞ്ചാരിക്കാണ് മടങ്ങുന്നതിനിടെ കൊച്ചി വിമാനത്താവളത്തിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ഈ മാസം ഏഴിന് മൂന്നാറിലെത്തിയ ഇയാൾ നിരീക്ഷണത്തിലിരിക്കെ അനുമതിയില്ലാതെ നെടുമ്പാശേരിയിലെത്തുകയും ദുബായിലേക്കുള്ള വിമാനത്തിൽ കയറുകയുമായിരുന്നു. ഇതേ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി.
മൂന്നാറിൽ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുൾപ്പെട്ടയാളാണു യുകെ പൗരൻ. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ഇന്ന് രാവിലെ കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള വിമാനം കയറാനായി ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇയാൾ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതർ വിമാനത്തിൽ കയറ്റിവിടുകയും ചെയ്തു.സ്രവപരിശോധന ഫലത്തിൽ ഇയാളുടേത് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ വിമാനത്തിൽ കയറിയെന്നു കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ മുഴുവൻ തിരിച്ചിറക്കി പരിശോധന നടത്തി.
രോഗബാധിതനെ കണ്ടെത്തിയ സാഹചര്യത്തിൽ മൂന്നാറിൽ ജാഗ്രത പുലർത്തുന്നുണ്ട്. ഇയാൾ മൂന്നാറിൽ നിന്നു പോകാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷിക്കും.ഈ മാസം ഏഴിനാണ് വിദേശ പൗരൻ മൂന്നാറിൽ എത്തിയത്. മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിലാണ് അദ്ദേഹം താമസിച്ചത്. ആരോഗ്യവകുപ്പ് പരിശോധനയിൽ സംശയത്തെ തുടർന്ന് നിരീക്ഷിക്കാൻ നിർദേശിച്ചു. 9ന് സ്രവം പരിശോധനയ്ക്ക് അയച്ചു. ഇന്നലെ ഇവരുടെ സംഘം ചെക്ക് ഔട്ട് ചെയ്തു. ഇയാൾ പോയ വിവരം റിസോർട്ട് അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചില്ല. പരിശോധനാഫലം വന്ന് അന്വേഷിച്ചപ്പോഴാണ് ഇയാളില്ലെന്ന് അറിഞ്ഞത്. തുടർന്ന് വിമാനത്താവളത്തിൽ വച്ച് പിടികൂടുകയായിരുന്നു