കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആക്രമിക്കുന്നവരെ ശിക്ഷിക്കാൻ ഓഡിനൻസ്
120 വര്‍ഷം മുമ്പുള്ള പകര്‍ച്ചവ്യാധി നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കാനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു
ഡൽഹി :രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും ആക്രമിക്കുന്ന സംഭവങ്ങളില്‍ നടപടികള്‍ കര്‍ശനമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 120 വര്‍ഷം മുമ്പുള്ള പകര്‍ച്ചവ്യാധി നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കാനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. കേന്ദ്ര മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ വ്യാപകമായതോടെ ഇന്ന് രാത്രി ഒമ്പത് മണിക്ക് വെളുത്ത കോട്ട് ധരിച്ച് മെഴുകുതിരി കത്തിച്ചുകൊണ്ട് പ്രതീകാത്മക പ്രതിഷേധം നടത്താന്‍ ഐ.എം.എ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര ആരോഗ്യമന്ത്രിയും അടക്കമുള്ളവര്‍ ഐ.എം.എ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും സമരത്തില്‍ നിന്നും പിന്മാറണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അമിത് ഷാ ഉറപ്പു നല്‍കി. ഇതോടെ പ്രതീകാത്മക സമരം ഐ.എം.എ പിന്‍വലിച്ചു.
ഇതിന് പിന്നാലെയാണ് ഡോക്ടര്‍മാരെ ആക്രമിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര് തന്നെ അറിയിച്ചിരിക്കുന്നത്. ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരേയും ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കി മാറ്റുമെന്നും അക്രമികള്‍ക്ക് ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 120 വര്‍ഷം പഴക്കമുള്ള പകര്‍ച്ചവ്യാധി നിയമത്തില്‍ മാറ്റം വരുത്തി അക്രമികളുടെ പിഴ ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയാക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അന്റന്‍ഡന്റ്‌സ്, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവരെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും. ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയിലേക്ക് അയച്ചിരിക്കുകയാണ്. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്ന മുറക്ക് നിയമം നിലവില്‍ വരുമെന്നും പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.