കോവിഡ് 19 വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി അറസ്റ്റിലായി

ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 12 ആയി.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളും എറണാകുളം സിറ്റിയിലെ ചേരാനെല്ലൂര്‍, പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

0

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 12 ആയി.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളും എറണാകുളം സിറ്റിയിലെ ചേരാനെല്ലൂര്‍, പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മലപ്പുറം സ്വദേശി അബൂബക്കര്‍ അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് റൂറലിലെ കാക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിചിന്‍ കൃഷ്ണ, ആദര്‍ശ് എന്നിവര്‍ അറസ്റ്റിലായത്.

കൊവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് നവമാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യും. ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്തി അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലീസ് സ്റ്റേഷന്‍, സൈബര്‍ സെല്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

You might also like

-