രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 55,000ലേക്ക് മരണം 1,889
മഹാരാഷ്ട്രയിൽ സ്ഥിതി അതിരൂക്ഷം. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 18,000 കടന്നു. പുതുതായി 1362 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.
ഡൽഹി :രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 55,000ലേക്ക് കടക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. മഹാരാഷ്ട്രയിൽ 1362ഉം ഗുജറാത്തിൽ 388ഉം മധ്യപ്രദേശിൽ 114ഉം പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനെട്ടായിരം കടന്നു.കോയമ്പേട് മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് തമിഴ്നാട്ടില്‍ കോവിഡ് 19 വ്യാപിക്കുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി രോഗം കണ്ടെത്തിയ രണ്ടായിരത്തില്‍ അധികം പേരില്‍ ഭൂരിഭാഗവും കോയമ്പേട് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കര്‍ണാടകയിലുമായി ഇന്നലെ അഞ്ച് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയിൽ സ്ഥിതി അതിരൂക്ഷം. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 18,000 കടന്നു. പുതുതായി 1362 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായ മുംബൈയിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയ സംഘം നേരിട്ടെത്തി. അതിനിടെ മുംബൈ സെൻട്രൽ ജയിലിലെ തടവുകാർക്കും, ജയിൽ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി ദിവസേന ആയിരത്തിനു മുകളിലാണ് സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം.1,362 പേർക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 43 പേർ മരിച്ചു. രോഗ ബാധിതരുടെ എണ്ണത്തിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 18,120 ആയി. മരണ സംഖ്യ 694 ആയി ഉയർന്നു.
692 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 11,219 ആയ മുംബൈയിലാണ് അങ്ങേയറ്റം ആശങ്ക നിലനിൽക്കുന്നത്. 437 പേർ ഇതുവരെ മരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ സ്ഥിതിഗതികൾ വിലയിരുത്താൻ നേരിട്ടെത്തി. അടിയന്തര മെഡിക്കൽ സംഘവും ഇവർക്കൊപ്പമുണ്ട്.
അതിനിടെ ആർത്തർ റോഡിലെ മുംബൈ സെൻട്രൽ ജയിലിൽ 77 വിചാരണ തടവുകാർക്കും 27 ജയിൽ ഉദ്യോഗസ്ഥർക്കും രോഗം ബാധിച്ചു .മുംബൈ ജി ടി, സെന്റ് ജോർജ് ആശുപത്രികളിലായി കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കും. 50 പുതിയ കൊവിഡ് കേസുകൾ കൂടി ധാരാവിയിൽ ഉണ്ടായി. ഇതുവരെ 783 പോസിറ്റീവ് കേസുകളും 21 മരണവുമാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയിൽ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തേക്ക് മടങ്ങിവരുന്ന പ്രവാസികളെ ക്വാറന്റൈൻ ചെയ്യാൻ 88 ഹോട്ടലുകളിലായി 3343 മുറികൾ ബിഎംസി സജ്ജമാക്കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് രണ്ടായിരം പേർ എത്തുമെന്നാണ് സർക്കാർ കണക്ക്.