കോവിഡ് 19: പരിഭ്രാന്തി വേണ്ടആരോഗ്യ വകുപ്പ്
വിദേശയാത്രയെക്കുറിച്ചോ രോഗലക്ഷണങ്ങളെ കുറിച്ചോ തെറ്റായ വിവരങ്ങള്‍ നല്‍കരുത്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുപരിപാടികളിലോ ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലോ പോകരുത്. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്ത് ഇടപഴകരുത്
പത്തനംതിട്ട :ജില്ലയില്‍ കോവിഡ് 19 രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ പറഞ്ഞു. ഐസൊലേഷന്‍ വാര്‍ഡുകളും രോഗികള്‍ക്കുള്ള ചികിത്സാ പരിചരണ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷിക്കുന്നുണ്ട്. പൊതു ജനങ്ങളുടെ ഭാഗത്തുനിന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിനായി എല്ലാ സഹകരണവും ഉണ്ടാകണം.
ചെയ്യേണ്ട കാര്യങ്ങള്‍
കോവിഡ് 19 രോഗ ബാധിത രാജ്യങ്ങളില്‍നിന്നും വന്നിട്ടുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ജില്ലാ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. ഇവര്‍ 28 ദിവസം വീടുകളില്‍ തന്നെ കഴിയണം. വായുസഞ്ചാരമുള്ള ഒരു ബാത്ത് അറ്റാച്ച്ഡ് മുറിയാണ് ഉത്തമം. രോഗലക്ഷണങ്ങള്‍ രഹസ്യമാക്കി വയ്ക്കരുത്. ഉടന്‍തന്നെ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രം ആശുപത്രിയില്‍ എത്തുക.
തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ മൂക്കും വായും തൂവാലകൊണ്ട് മൂടണം. കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. വ്യക്തിശുചിത്വം പാലിക്കണം. രോഗലക്ഷണം ഉള്ളവര്‍ മാസ്‌ക് ധരിക്കണം. രോഗലക്ഷണം ഇല്ലാത്ത ജനങ്ങള്‍ മാസ്‌ക് ധരിക്കേണ്ടതില്ല.
ചെയ്യരുതാത്തവ
വിദേശയാത്രയെക്കുറിച്ചോ രോഗലക്ഷണങ്ങളെ കുറിച്ചോ തെറ്റായ വിവരങ്ങള്‍ നല്‍കരുത്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുപരിപാടികളിലോ ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലോ പോകരുത്. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്ത് ഇടപഴകരുത്. അവരുമായി സംസാരിക്കുമ്പോള്‍ ഒരു മീറ്ററിലധികം അകലം പാലിക്കണം. വീടുകളില്‍ ഐസൊലേഷനില്‍ ഉള്ളവരെ അനാവശ്യമായി സന്ദര്‍ശിക്കരുത്. മുഖത്ത് ഇടയ്ക്കിടെ സ്പര്‍ശിക്കുന്ന ശീലം ഒഴിവാക്കുക. സ്വയം ചികിത്സയും അശാസ്ത്രീയ ചികിത്സകളും ഒഴിവാക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്.