കൊവാക്സീന് തത്കാലം പൂർണ അനുമതി ഇല്ല
അടിയന്തര ഉപയോഗത്തിന് അനുമതി തുടരും
ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സീന് തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി. അടിയന്തര ഉപയോഗത്തിന് അനുമതി തുടരും. ലോകാരോഗ്യ സംഘടന കൊവാക്സീൻ അനുമതിക്കുള്ള പ്രാഥമിക നടപടികൾ തുടങ്ങാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.
കൊവാക്സീൻ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോർട്ട് ഇന്നലെ ഡിജിസിഐ അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് തീരുമാനിച്ചത്. പൂർണ്ണ അനുമതിക്കുള്ള അപേക്ഷയും ഭാരത് ബയോടെക് നൽകിയിരുന്നു. എന്നാൽ ഇത് പരിഗണിക്കാൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി. ഗർഭിണികളിലെ കുത്തിവയ്പ്പിനും തത്കാലം അനുമതിയില്ല. ലോകാരോഗ്യ സംഘടന ഭാരത് ബയോടെക് അപേക്ഷ പരിഗണിക്കാനിരിക്കെയാണ് അടിയന്ത ഉപയോഗത്തിന് അനുമതി നല്കിയാൽ മതിയെന്ന കേന്ദ്ര വിദഗ്ധ സമിതിയുടെയും ഈ തീരുമാനം.