കൊറോണ വൈറസ്; ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ഗാസിയാബാദില്‍ എത്തി
തെഹ്റാനില്‍ നിന്നുള്ള 58 തീര്‍ത്ഥാടകരെയാണ് വ്യോമസേനാ വിമാനത്തില്‍ ഇന്ന് തിരിച്ചെത്തിച്ചത്
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ഗാസിയാബാദില്‍ എത്തി. തെഹ്റാനില്‍ നിന്നുള്ള 58 തീര്‍ത്ഥാടകരെയാണ് വ്യോമസേനാ വിമാനത്തില്‍ ഇന്ന് തിരിച്ചെത്തിച്ചത്. 1200 ഓളം ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളും തീര്‍ത്ഥാടകരുമാണ്. തെഹ്റാനിലും ഖ്വാമിലും കുടുങ്ങികിടക്കുന്നവര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വ്യോമസേനയുടെ സി-17 േഗ്ലാബ്മാസ്റ്റര് വിമാനത്തിലാണ് ആദ്യസംഘത്തെ ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ എത്തിച്ചത്. കോവിഡ് 19 ബാധയില്ലാത്തവരെയാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയിലെത്തിച്ചത്. ഇവരെ ആരോഗ്യ പരിശോധനകള്‍ക്ക് ശേഷമാകും പുറത്തേക്ക് വിടുക.
തിങ്കളാഴ്ച രാത്രി എട്ടിനാണ് സി-17 വിമാനം െതഹ്റാനിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി ഇവര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഡോക്ടര്‍മാരുടെ സംഘം കഴിഞ്ഞ ആഴ്ച ഇറാനിലെത്തിയിരുന്നു. പൂണെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ എന്നിവയില്‍ നിന്നുള്ള അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം മാര്‍ച്ച് നാലിനാണ് ഇറാനിലേക്ക് തിരിച്ചത്. തുടര്‍ന്ന് വിദഗ്ധ സംഘം108 പേരുടെ സ്രവം ഇന്ത്യയിലെത്തിച്ച് പരിശോധിക്കുകയും കോവിഡ് 19 രോഗമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച ഇറാനിലെ എംബസി ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിനും നന്ദി അറിയിക്കുന്നതായി വിദേശകാര്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുമായി സഹകരിച്ച ഇറാനിയന്‍ അധികൃതര്‍ക്കും ദൗത്യത്തില്‍ പങ്കാളിയായ വ്യോമസേനക്കും നന്ദിയറിക്കുന്നു. ഇറാനില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ജയ്ശങ്കര് ട്വിറ്ററില്‍ കുറിച്ചു.