രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇതാദ്യമായി ഒറ്റ ദിവസം കൊണ്ട് 2000 കടന്നു
രോഗം ഭേദപ്പെട്ടവരുടെ എണ്ണം പതിനായിരത്തിനടുത്തെത്തി. സൌത്ത് വെസ്റ്റ് ഡല്‍ഹിയില്‍ 41 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ വിഭാഗങ്ങളിൽ പെടുന്നവർക്ക് കോവിഡ് ബാധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇതാദ്യമായി ഒറ്റ ദിവസം കൊണ്ട് 2000 കടന്നു. രോഗം ഭേദപ്പെട്ടവരുടെ എണ്ണം പതിനായിരത്തിനടുത്തെത്തി. സൌത്ത് വെസ്റ്റ് ഡല്‍ഹിയില്‍ 41 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ വിഭാഗങ്ങളിൽ പെടുന്നവർക്ക് കോവിഡ് ബാധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഡൽഹിയിൽ 56 പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈ INS അൻഗ്ര കപ്പലില്‍ 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോവിഡ് രോഗബാധ മൂർച്ഛിക്കുന്നതെന്നാണ് ഉത്കണ്ഠ ജനിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണസംഖ്യ 71 ആയി. ഇതോടെ മൊത്തം മരണസംഖ്യ 1218. പുതുതായി രോഗം ബാധിച്ചത് 2293 പേർക്കും. ഇതോടെ മൊത്തം രോഗബാധിതർ 37,336. എന്നാൽ രോഗം മാറിയവരുടെ എണ്ണം 9950 ആയി. അടച്ചുപൂട്ടലിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്‍റെ പകുതി മേഖലയും തിങ്കളാഴ്ച മുതൽ സജീവമാകുമെന്നും അടച്ചു പൂട്ടൽ ഗുണം ചെയ്തെന്നും കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
അതേസമയം, സുരക്ഷാ വിഭാഗങ്ങളിൽ പെടുന്നവർക്ക് കോവിഡ് ബാധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഡൽഹിയിൽ 56 പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു. സി.ആർ.പി.എഫിലെ 68 പേർക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ രോഗബാധിതർ ആവുന്ന ജവാൻമാരുടെ എണ്ണം 127 ആയി. 100 പേരുടെ പരിശോധനാഫലം വരാനുണ്ട്. ഈസ്റ്റ് ഡൽഹിയിലെ 31 ബറ്റാലിയനിൽ പെട്ടവർക്കാണ് രോഗബാധ. കഴിഞ്ഞദിവസം 14 സി.ആർ.പി.എഫ് ജവാൻമാർക്കും 5 ഐ.ടി.ബി.പി ജവാൻമാർക്കും രണ്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കും രോഗം ബാധിച്ചിരുന്നു. മുംബൈയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്ക് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. മുംബൈ തീരത്തെ ഐ.എന്‍.എസ് ആംഗ്രയിലെ 26 നാവികർ ചികിത്സയിലാണ്.
മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗാവസ്ഥയിൽ മാറ്റമില്ല. പൂനെയിൽ ഇന്ന് ഒരു മരണം സ്ഥിരീകരിച്ചു. നാന്ദെഡിലെ ലംഗാർ ഗുരുദ്വാരയിൽ 20 പേർക്ക് രോഗം കണ്ടെത്തി. രാജസ്ഥാനിൽ 3 മരണവും 12 പുതിയ കേസുകളുമുണ്ട്. മധ്യപ്രദേശിൽ നിന്ന് യു.പിയിലേക്ക് പോയിരുന്ന അതിഥി തൊഴിലാളി യാത്രക്കിടെ മരിച്ചു. ഡൽഹിയിൽ നിന്ന് ബിഹാറിലേക്ക് സൈക്കിളിൽ പോയിരുന്ന മറ്റൊരു അതിഥി തൊഴിലാളി വീണു മരിച്ചു. കോവിഡ് നിരീക്ഷണത്തിനുള്ള കേന്ദ്ര സർക്കാരിന്‍റെ കോവിഡ് ആപ്പായ “ആരോഗ്യ സേതു’ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും നിർബന്ധമാക്കി. നിയന്ത്രിത മേഖലയിലുള്ളവരും ആപ്പ് കർശനമായും ഡൗൺലോഡ് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു.