കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു; പതുതായി അഞ്ച് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു
ഇറ്റാലിയന്‍ വിനോദസഞ്ചാരിയാണ് മരിച്ചത്
ന്യൂഡല്‍ഹി: കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. ജയ്പുരില്‍ ചികിത്സയിലുണ്ടായിരുന്ന ഇറ്റാലിയന്‍ വിനോദസഞ്ചാരിയാണ് മരിച്ചത്.ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. അറുപത്തിയൊന്‍പതുകാരനായ ഇയാള്‍ ആഴ്ചകളായി ജയ്പുരില്‍ ചികിത്സയിലായിരുന്നു.
രാജ്യത്ത് വെള്ളിയാഴ്ച പതുതായി അഞ്ച് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം ഇരുനൂറ് കവിഞ്ഞു. പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. യുകെയില്‍നിന്നും മടങ്ങിവന്നയാള്ക്കാണ് പശ്ചമി ബംഗാളില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബംഗാളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. ആന്ധ്രായില്‍ സൗദിയില്‍നിന്നും മടങ്ങിവന്നയാളാണ് കൊറോണ വൈറസ് ബാധിതനായത്. യുകെയില്‍നിന്നും തിരിച്ചെത്തിയ അറുപത്തിയൊന്പതുകാരിക്കാണ് പഞ്ചാബില്‍ കൊറോണ സ്ഥിരീകരിച്ചത്.ലക്നോവില്‍ വെള്ളിയാഴ്ച പുതുതായി നാല് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ യുപിയില്‍ കൊറോണ ബാധിതരുടെ എണ്ണം 23 ആയി ഉയര്‍ന്നു. വ്യാഴ്ച വരെ ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 195 ആയിരുന്നു.