പിണറായി വിജയനെതിരെ വിവാദ പരാമർശം ,വിമർശനം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലാ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു പിഎംഎ സലാമിന്‍റെ വിവാദ പരാമര്‍ശം.
മലപ്പുറം| മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ തള്ളി പാർട്ടി നേതൃത്വം. രാഷ്ട്രീയ വിമർശനങ്ങൾ ആവാം, എന്നാൽ വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.എം.എ സലാം രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു പിഎംഎ സലാമിന്‍റെ വിവാദ പരാമര്‍ശം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്‍റെ വിവാദ പ്രസംഗം. പിഎം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നും ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണമെന്നുമായിരുന്നു സലാമിന്‍റെ അധിക്ഷേപ വാക്കുകള്‍. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണെന്നും പിഎംഎ സലാം പറഞ്ഞു.