വധഗൂഢാലോചനക്കേസ്: പൂർണമായും കെട്ടിച്ചമച്ചതാണെന്ന് ദിലീപ് ഹൈക്കോടതിയിൽ.

മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കവെയാണ് ദിലീപിന്റെ വിശദീകരണം.

0

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്ന് ദിലീപ് ഹൈക്കോടതിയിൽ. മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കവെയാണ് ദിലീപിന്റെ വിശദീകരണം. തനിക്കെതിരായ മൊഴികൾ കോടതി വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. കേസെടുത്തത് അന്വേഷണ ഉദ്യാഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നും തനിക്കെതിരായ എഫ്.ഐ.ആർ ദുർബലമാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. അതേസമയംനടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

നടപടിക്രമങ്ങൾ പാലിക്കാതെയാണ് അന്വേഷണം. വിചാരണ കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും ദീലീപ് ആരോപിക്കുന്നു. ബാലചന്ദ്രകുമാറിൻറേത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്നും ദിലീപ് പറയുന്നു. ഗൂഢാലോചന കേസിൽ കുടുംബത്തിലെ എല്ലാവരെയും പ്രതി ചേർത്തത് വ്യക്തി വൈരാഗ്യം മൂലമാണ്.

ഓഡിയോ റെക്കോഡ് ചെയ്ത ഉപകരണങ്ങൾ അവരുടെ കൈവശമില്ല. ഹാജരാക്കിയ ഓഡിയോ യഥാർഥത്തിൽ റെക്കോഡ് ചെയ്ത ഫോൺ ബാലചന്ദ്രകുമാറിൻറെ കൈവശമില്ല. തന്നെ അപകീർത്തിപ്പെടുത്താനും വ്യക്തിഹത്യ ചെയ്യാനുമാണ് തുടരന്വേഷണമെന്നും ദിലീപ് ആരോപിച്ചു.ഇതിനിടെ ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകൾ ഫോറൻസിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്‌ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ഫോണുകൾ കോടതിയിൽ വെച്ച് തുറന്നുപരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം പ്രതിഭാഗം ഇന്നലെ എതിർത്തിരുന്നു

You might also like

-