വഴങ്ങി കോൺഗ്രസ് !കണ്ണൂരിൽ സുധാകരൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല

കണ്ണൂർ| ഒടുവിൽ കെ സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്. കണ്ണൂരിൽ സുധാകരൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരൻ. സംസ്ഥാന വ്യാപകമായി പ്രവർത്തകുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാൻ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി ഭാരവാഹികൾ വരെ രംഗത്തുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. ഡൽഹിയിൽ നിന്ന് നാളെ കണ്ണൂരിൽ എത്തുന്ന സുധാകരന് വമ്പൻ സ്വീകരണമാണ് ഒരുക്കുന്നത്. എയർപോർട്ട് മുതൽ റോഡ് ഷോ ആയി സ്വീകരിക്കാനാണ് ആലോചന. ദിവസങ്ങൾ നീണ്ടുനിന്ന നാടകീയതകൾക്കൊടുവിലാണ് സുധാകരന് കണ്ണൂർ സീറ്റ് നൽകുന്നത്. പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല. എന്നാൽ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു. പിന്നാലെയാണ് സുധാകരൻ പാർട്ടി വിടുമെന്ന് ഉറപ്പായത്. ഇത്തരമൊരു സാഹചര്യത്തിലാണ് കോൺഗ്രസിന് സുധാകരന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നത്.

നിരവധി തവണ ജയപരാജയങ്ങളുടെ അനുഭവം രുചിച്ച ആളാണ് കെ സുധാകരൻ. 1980, 1982 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ എടക്കാട് നിന്നും 1987-ൽ നടന്ന നിയമസഭ ഇലക്ഷനിൽ തലശ്ശേരിയിൽ നിന്നും മത്സരിച്ചു എങ്കിലും പരാജിതനായി. 1991-ൽ നിയമസഭയിലേയ്ക്കുള്ള എടക്കാട് മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഒ ഭരതനോട് തോറ്റു. 1991-ൽ ഭരതൻ്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി എങ്കിലും തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992-ൽ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് സുപ്രീം കോടതിയിൽ അപ്പീൽ പോയ സിപിഎമ്മിലെ ഒ ഭരതനെ തന്നെ ഒടുവിൽ 1996-ൽ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി ഉത്തരവിറങ്ങി.

1996-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിമതനായി ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിച്ച എൻ. രാമകൃഷ്ണനെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് സുധാകരൻ ആദ്യമായി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് 2001-ൽ ഇടതു സ്വതന്ത്രനായ കാസിം ഇരിക്കൂറിനെയും, 2006-ൽ സി.പി.എം നേതാവായ കെ പി സഹദേവനെയും തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് നിയമസഭ അംഗമായി.2001-2004 കാലഘട്ടത്തിലെ എ.കെ. ആൻറണി മന്ത്രിസഭയിൽ കെ.സുധാകരൻ ആദ്യമായി വനംവകുപ്പിൻ്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി. 2009-ൽ നടന്ന ലോക്സഭ തിരഞ്ഞടുപ്പിൽ സിപിഎമ്മിലെ കെ.കെ. രാഗേഷ്നെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് ആദ്യമായി ലോക്സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

You might also like

-