ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്ന് തുറക്കും

മൂന്നു സമയക്രമങ്ങളാണ് ക്ലാസുകൾക്ക് നിർദ്ദേശിച്ചിട്ടുള്ളത്. രാവിലെ 8.30 മുതൽ 1.30 വരെയുള്ള ഒറ്റ സെഷൻ, അല്ലെങ്കിൽ, 9 മുതൽ 3 വരെ, 9.30 മുതൽ 3.30 വരെ. ഇതിൽ കോളേജ് കൗൺസിലുകൾക്ക് സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാം.

0

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്ന് തുറക്കും. ഒന്നര വർഷത്തിന് ശേഷമാണ് കലാലയങ്ങൾ വീണ്ടും ഉണരുന്നത്. അവസാന വര്‍ഷ ഡിഗ്രി-പിജി ക്ലാസുകളാണ് ഇന്ന് മുതൽ തുടങ്ങുന്നത്.സ്ഥല സൗകര്യം കുറവുള്ള കോളജുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍. ബിരുദാനന്തര ബിരുദ തലത്തില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളിച്ചാണ് ക്ലാസ് നടക്കുക. ക്യാമ്പസ് കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകിയ ശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

മൂന്നു സമയക്രമങ്ങളാണ് ക്ലാസുകൾക്ക് നിർദ്ദേശിച്ചിട്ടുള്ളത്. രാവിലെ 8.30 മുതൽ 1.30 വരെയുള്ള ഒറ്റ സെഷൻ, അല്ലെങ്കിൽ, 9 മുതൽ 3 വരെ, 9.30 മുതൽ 3.30 വരെ. ഇതിൽ കോളേജ് കൗൺസിലുകൾക്ക് സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാം.ബിരുദ ക്ലാസ്സുകൾ പകുതി വീതം വിദ്യാർത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ആഴ്ചയിൽ 25 മണിക്കൂർ ക്ലാസ് വരത്തക്കവിധം ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ സമ്മിശ്രരീതിയിലാക്കിയാണ് ടൈം ടേബിൾ തയ്യാറാക്കിയിരിക്കുന്നത്. എഞ്ചിനീയറിങ് കോളജുകളിൽ ആറ് മണിക്കൂർ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും.

മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകൾ ഓൺലൈനിൽ തന്നെ തുടരും. ക്യാമ്പസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഹോസ്റ്റലുകൾ തുറന്നു പ്രവർത്തിക്കും.അതേസമയം, സ്‌കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിലാണ്. സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ നാളെ പുറത്തിറക്കും.

You might also like

-