സി എം രവീന്ദ്രനെ ഇന്നും ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യുന്നു

ഇ.ഡിയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. സ്വർണ കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്‍റെയും മൊഴികളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യൽ

0

കൊച്ചി :സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ വീണ്ടും ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ 14 മണിക്കൂര്‍ ഇ.ഡി രവീന്ദ്രനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. സ്വർണ കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്‍റെയും മൊഴികളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യൽ. ഇന്നലെ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ 14 മണിക്കൂറാണ് നീണ്ടു നിന്നത്.

ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രവീന്ദ്രൻ നൽകിയ ഹരജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. നേരത്തെ ഈ മാസം പതിനേഴിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം രവീന്ദ്രൻ പല പ്രാവശ്യം വിളിച്ചതായി നേരത്തെ സ്വപ്നയുടെ മൊഴിയുള്ളതായി ഇ.ഡി കണ്ടെത്തിയിരുന്നു.

രവീന്ദ്രന്‍റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കാനും ഇ.ഡി.ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് വടകരയിൽ രവീന്ദ്രനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങിൽ ഇ.ഡി.പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സി.എം.രവീന്ദ്രന്‍റെ സ്വത്ത് വിവരങ്ങൾ തേടി രജിസ്ട്രേഷൻ വകുപ്പിന് ഇ.ഡി. കത്തയക്കുകയും ചെയ്തു. സ്വർണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിയിലും കൂടുതൽ തെളിവ് കണ്ടെത്താമെന്നുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.

You might also like

-