മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ആശുപത്രിവിട്ടു

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.ശ്വാസകോശ സംബന്ധമായ ചില ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രവീന്ദ്രന് വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ എത്ര ദിവസത്തേക്കു വേണമെന്ന് കൃത്യമായി പറഞ്ഞിട്ടില്ല.

നേരത്തെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹാജരാകാന്‍ സാധിച്ചില്ല. ഹാജരാകാന്‍ രണ്ടാമതും ആവശ്യപ്പെട്ടതിനു പിന്നാലെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം രവീന്ദ്രന്റെ ആശുപത്രിവാസം സംശയാസ്പദമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. രവീന്ദ്രന് കോവിഡാണെങ്കില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചവര്‍ എന്തുകൊണ്ട് നിരീക്ഷണത്തില്‍ പോയില്ലെന്ന് മുരളീധരന്‍ ചോദിച്ചു. വാസ്തവത്തില്‍ അദ്ദേഹത്തിന് കോവിഡ് ഉണ്ടോ ഇല്ലെയോ എന്ന ചോദ്യങ്ങള്‍ ജനങ്ങളുടെ മനസില്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

കേസില്‍ മുഖ്യമന്ത്രിയേയും സംശയിക്കാവുന്ന നിലയുണ്ട്. കാരണം പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലാണ്. മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കില്‍ അന്വേഷണം നടക്കും, പങ്ക് ഇല്ലെങ്കില്‍ അന്വേഷണം ഉണ്ടാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വടകരയിലെ മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍ ഇ.ഡി. ഇന്ന് റെയ്ഡ് നടത്തിയിരുന്നു.

You might also like

-