പൗരത്വ നിയമ ഭേദഗതിക്കെതിരായ തുടർ പ്രക്ഷോപം രാഷ്ട്രീയപാർട്ടികളുടെ യോഗം ഇന്ന്

നവോത്ഥാന സംരക്ഷണ സമിതിയുടെ മാതൃകയില്‍ ഭരണഘടന സംരക്ഷണ സമിതി രൂപീകരിക്കുന്നതിനുള്ള നിര്‍ദേശം മുഖ്യമന്ത്രി യോഗത്തില്‍ മുന്നോട്ടുവെക്കും

0

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരായ തുടര്‍പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മത-സാമൂഹ്യ സംഘടനാ നേതാക്കളും പങ്കെടുക്കും.പൗരത്വ ഭേദഗതി ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മത-സാമൂഹ്യ സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചത്. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് രൂപം നല്‍കിയ നവോത്ഥാന സംരക്ഷണ സമിതിയുടെ മാതൃകയില്‍ ഭരണഘടന സംരക്ഷണ സമിതി രൂപീകരിക്കുന്നതിനുള്ള നിര്‍ദേശം മുഖ്യമന്ത്രി യോഗത്തില്‍ മുന്നോട്ടുവെക്കും. എല്‍.ഡി.എഫുമായി സഹകരിച്ച് പ്രക്ഷോഭത്തിനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് പ്രതിനിധിയായി കൊടിക്കുന്നില്‍ സുരേഷ് എം.പിയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനില്‍ക്കും. ബി.ജെ.പി നേതാക്കളും യോഗത്തില്‍ പങ്കെടുത്ത് കേന്ദ്ര നിലപാട് വിശദീകരിക്കും. 11 മണിക്ക് മസ്കറ്റ് ഹോട്ടലിലാണ് യോഗം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിളിച്ച മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗവും ഇന്നാണ്. ഉച്ചക്ക് കന്റോണ്‍മെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് വിളിച്ചുചേര്‍ത്ത മുസ്‍ലിം സംഘടനാ നേതാക്കളുടെ യോഗം. പൗരത്വ ഭേദഗതിക്കെതിരെ വിവിധ മുസ്‍ലിം സംഘടനകളും മഹല്ലുകളും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന പ്രക്ഷോഭങ്ങളില്‍ മുസ്‌ലിം സംഘടനകളുടെയും നേതാക്കളുടെയും പിന്തുണയും സഹകരണവും ഉറപ്പാക്കലാണ് യോഗത്തിന്റെ ലക്ഷ്യം.

You might also like

-