കാലവര്‍ഷം: നഷ്ടപരിഹാര വിതരണത്തിന് കാലതാമസം ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി ജാഗ്രത പാലിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം

ദുരിതാശ്വാസ ക്യാമ്പുകളില്‍ അസുഖമുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

0

തിരുവന്തപുരം :    കാലവര്‍ഷ കെടുതികള്‍ വിലയിരുത്തി നഷ്ടപരിഹാര തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ജില്ലാ കളക്ടര്‍മാരുമായി കാലവര്‍ഷ കെടുതികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.

ആശ്വാസം പെട്ടെന്നെത്തിക്കുക എന്നത് പ്രധാനമാണ്. ജില്ലാ കളക്ടര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വെള്ളപ്പൊക്കം ഉണ്ടാവുന്ന ചില സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കേണ്ടി വരും. അതിനാവശ്യമായ നടപടി സ്വീകരിക്കണം. പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണം. അടിയന്തരസാഹചര്യം നേരിടുന്നതിന് ആശുപത്രികള്‍ സജ്ജമായിരിക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ അസുഖമുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

എറണാകുളം ജില്ലയില്‍ 12 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 284 കുടുംബങ്ങളിലെ 1007 പേരാണ് ക്യാമ്പുകളിലുള്ളത്. ചെല്ലാനത്ത് കടലാക്രമണത്തെ തുടര്‍ന്ന് തീരത്ത് സ്ഥാപിച്ചിരുന്ന ജിയോ ബാഗുകള്‍ നശിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ അഞ്ച് താലൂക്കുകളില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആലപ്പുഴയുടെ തീരമേഖലയിലും കടലാക്രമണമുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളം പമ്പ് ചെയ്ത് മാറ്റുന്നതിനുള്ള ഹെവി പമ്പുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ആലപ്പുഴയില്‍ കൃഷി വകുപ്പും മൈനര്‍ ഇറിഗേഷന്‍ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തനം നടത്താന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

തൃശൂരില്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. ഇവിടെ അഞ്ച് ക്യാമ്പുകളിലായി 146 പേര്‍ കഴിയുന്നു. 49 വീടുകള്‍ ഭാഗികമായും രണ്ടെണ്ണം പൂര്‍ണമായും തകര്‍ന്നു. കൊല്ലം ജില്ലയില്‍ 32 വീടുകള്‍ ഭാഗികമായും മൂന്നു വീടുകള്‍ പൂര്‍ണമായും നശിച്ചു. കൊറ്റങ്കരയിലും ഓച്ചിറയിലും രണ്ടു ക്യാമ്പുകളിലായി 79 പേരെ താമസിപ്പിച്ചിട്ടുണ്ട്. കാസര്‍കോട് തോടുകള്‍ കരകവിഞ്ഞൊഴുകുന്നുണ്ട്. കടലാക്രമണത്തില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. ഇവിടെ കഴിഞ്ഞിരുന്നവരെ ബന്ധു വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണൂരില്‍ കനത്ത കാറ്റിനെ തുടര്‍ന്ന് 20 വീടുകള്‍  ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂര്‍ഗ് കണ്ണൂര്‍ റോഡില്‍ ചെറിയ വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങിയിട്ടുണ്ട്. പാലക്കാട് പുഴയുടെ തീരങ്ങളിലുള്ള വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. അകത്തേത്തറയില്‍ ആരംഭിച്ച ക്യാമ്പില്‍ 50 പേരുണ്ട്. നെല്‍കൃഷി നഷ്ടം കണക്കാക്കി നഷ്ടപരിഹാരം വേഗത്തില്‍ നല്‍കാന്‍ നടപടി സ്വീകരിക്കും. നെല്ലിയാമ്പതിയില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ ഇവിടെയും ക്യാമ്പ് തുറന്നിട്ടുണ്ട്. മംഗലം ഡാമില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഏഴു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോട് ജില്ലയിലെ രണ്ടു ക്യാമ്പുകളിലായി 128 പേര്‍ കഴിയുന്നു. വയനാട്ടില്‍ 23 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ രണ്ടു ഡാമുകള്‍ തുറന്നു. കൃഷിയും റോഡുകളും മഴയെ തുടര്‍ന്ന് നശിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നാലു ക്യാമ്പുകളില്‍ 33 കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ തുറക്കേണ്ട സ്ഥിതിയില്ലെന്ന് കളക്ടര്‍ അറിയിച്ചു.

പത്തനംതിട്ട തിരുവല്ലയില്‍ 18 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. മല്ലപ്പള്ളിയില്‍ മൂന്നു ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 198 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 21 ക്യാമ്പുകളിലായി 218 കുടുംബങ്ങള്‍ കഴിയുന്നു. 35 ലക്ഷം രൂപയുടെ നഷ്ടം രണ്ടു ദിവസത്തെ മഴയില്‍ ഉണ്ടായിട്ടുണ്ട്. കോട്ടയത്ത് 27 ക്യാമ്പുകളില്‍ 794 പേര്‍ കഴിയുന്നു. രണ്ടു സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. 138 വീടുകള്‍ പൂര്‍ണമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 33.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ആയിരം ഹെക്ടര്‍ നെല്‍വയല്‍ വെള്ളത്തിനടിയിലായി. തിരുവനന്തപുരം ജില്ലയില്‍ നാലു വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും നശിച്ചിട്ടുണ്ട്.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജന്‍, ചീഫ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി കോഓര്‍ഡിനേഷന്‍ വി. എസ്. സെന്തില്‍, ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

You might also like

-