റെയില്‍വേവികസനo: എം. പിമാരുടെ സഹകരണം തേടി

0

തിരുവനന്തപുരം :  കേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ സംസ്ഥാനത്തു നിന്നുള്ള എം. പിമാരുടെ സഹകരണം മുഖ്യമന്ത്രി തേടി. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ എം. പിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ കോച്ച് ഫാക്ടറി കേരളത്തില്‍ സ്ഥാപിക്കുന്നതില്‍ വലിയ അലംഭാവം ഉണ്ടായി. ഈ വിഷയം കൂട്ടായി ഉന്നയിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

മറ്റു റെയില്‍വേ സോണുകളില്‍ നിന്ന് പുതിയ ട്രെയിനുകള്‍ വരുമ്പോള്‍ കേരളത്തിന് നഷ്ടമുണ്ടാവുന്ന സ്ഥിതിയുണ്ട്. അങ്കമാലി ശബരി റെയില്‍പാത ദേശീയ പദ്ധതിയായി കണക്കാക്കി നടപ്പാക്കണം. ഇതിന്റെ ചെലവ് വഹിക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ പിന്നാക്കം പോകുന്ന അവസ്ഥയാണ്. ഇക്കാര്യത്തില്‍ ഒന്നിച്ച് സമ്മര്‍ദ്ദം ചെലുത്തണം. പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ തിരുവനന്തപുരത്ത് കേന്ദ്ര റെയില്‍വേ മന്ത്രി അവലോകന യോഗം നടത്തി ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റെയില്‍പാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ കൃത്യമായി സര്‍ക്കാര്‍ നടത്തുന്നുണ്ട്. ചങ്ങനാശേരി ചിങ്ങവനം സെക്ഷനില്‍ വികസനത്തിനുള്ള ഭൂമി ജനുവരിയിലും ഹരിപ്പാട് അമ്പലപ്പുഴ സെക്്ഷനിലെ ഭൂമി ഫെബ്രുവരിയിലും കൈമാറി. കുറുപ്പന്തറ ഏറ്റുമാനൂര്‍ സെക്ഷനിലെ ഭൂമി ഏപ്രിലില്‍ കൈമാറിയിട്ടുണ്ട്. ഏറ്റുമാനൂര്‍ കോട്ടയം ചിങ്ങവനം സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ ബാക്കി ഭൂമി ഉടന്‍ കൈമാറും. തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കാനുള്ള റെയില്‍വേയുടെ പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഇതില്‍ നടപടി ആരംഭിച്ചു. കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനെ 27 റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മ്മാണം ഏല്‍പ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളതിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

You might also like

-