10,11,12 ക്ലാസുകള്‍ വൈകുന്നേരം വരെയാക്കും; തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗം
ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ വൈകുന്നേരം വരെ നീട്ടുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട്.
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് 10 മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ സമയം വൈകുന്നേരം വരെയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ വൈകുന്നേരം വരെ നീട്ടുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട്. തിങ്കളാഴ്ച വകുപ്പ് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ രീതിക്ക് ശേഷം ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനരാരംഭിച്ചപ്പോള്‍ രാവിലെ മുതല്‍ ഉച്ചവരെയായിരുന്നു സമയക്രമം. കൊവിഡ് കുറയുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെയും തീരുമാനങ്ങള്‍. തിങ്കളാഴ്ചത്തെ യോഗത്തിന് ശേഷവും കൂടുതല്‍ ഇളവുകളുണ്ടാകും.
അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപന നിരക്ക് പത്ത് ശതമാനമായി കുറഞ്ഞതായി ആരോഗ്യമന്ത്രി അറിയിച്ചു. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു.എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായി കുറഞ്ഞിരുന്നു. ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.